ന്യൂഡല്‍ഹി: അപകടമുണ്ടാക്കിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന ഉടമയ്ക്ക് ബാധ്യതയില്‍നിന്ന് ഒഴിയാനാവില്ലെന്ന് സുപ്രീംകോടതി. അപകടമുണ്ടാക്കിയ വാഹനം വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ വിറ്റതാണെന്ന ഉടമയുടെ വാദമാണ് കോടതി തള്ളിയത്. രജിസ്ട്രേഷന്‍ അതോറിറ്റിയില്‍ പഴയ ഉടമയുടെ പേരുതന്നെയാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

അപകടമുണ്ടാക്കിയ വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. രജിസ്റ്റര്‍പ്രകാരമുള്ള ഉടമയ്ക്കും ഡ്രൈവര്‍ക്കൊപ്പംതന്നെ ബാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ വിധിച്ചത്. ഈ വിധി ഹൈക്കോടതി റദ്ദാക്കി. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയതിനു തെളിവുണ്ടായിരിക്കേ പഴയ ഉടമയ്ക്കെതിരേ ഉത്തരവിറക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനെതിരേ അവസാനത്തെ ഉടമയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2009-ലാണ് അപകടമുണ്ടായത്. രാകേഷ് ഓടിച്ച വാഹനം കാല്‍നടക്കാരായ ജയ് ദേവി, നിതിന്‍ എന്നിവരെ ഇടിച്ചു. നിതിന്‍ സംഭവസ്ഥലത്തു മരിച്ചു. ജയ് ദേവിക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ ഡല്‍ഹി രജിസ്ട്രേഷനിലുള്ള കാറിന്റെ ഉടമ, രേഖകള്‍പ്രകാരം വിജയ് കുമാറാണ്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ്, 2007-ല്‍ താന്‍ വാഹനം വിറ്റതാണെന്നാണ് വിജയ് കുമാറിന്റെ വാദം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 29, ഫോം 30 എന്നിവയും കൈമാറിയെന്ന് വിജയ് കുമാര്‍ പറയുന്നു. വീണ്ടും രണ്ടുതവണ കൈമറിഞ്ഞാണ് ഒടുവില്‍ പരാതിക്കാരനായ നവീന്‍ കുമാറിന്റെ കൈയിലെത്തിയത്. 

നിതിന്റെ രക്ഷിതാക്കള്‍ക്ക് 3.75 ലക്ഷം രൂപയും ജയ്‌ദേവിക്ക് 10,000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ 2012-ല്‍ ട്രിബ്യൂണല്‍ വിധിച്ചു. രേഖകള്‍ പ്രകാരം ഉടമ വിജയ് കുമാറായതിനാല്‍ അദ്ദേഹവും ഡ്രൈവറുമാണ് ബാധ്യത ഏറ്റെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ ശരിവെച്ചു. 

Content Highlights; Transfer vehicle to buyer's name after it is sold