വാഹനമോടിക്കുന്നവരുടെ നിയമലംഘനങ്ങള്‍ ഇനി പോലീസ് കാത്തുനിന്ന് പിടിക്കില്ല. വിവിധ കുറ്റകൃത്യങ്ങള്‍ ഒരുമിച്ച് കണ്ടെത്തി നോട്ടീസടച്ച് പിഴയീടാക്കാനായി മലപ്പുറം ജില്ലയിലെ പ്രധാനപാതകളില്‍ പുത്തന്‍ ക്യാമറകള്‍ വരുന്നു. ജില്ലാതിര്‍ത്തിയായ കടവല്ലൂര്‍ മുതല്‍ കോഴിക്കോട് ജില്ലാതിര്‍ത്തി വരെയുള്ള ഭാഗങ്ങളിലാണ് നാല് ക്യാമറകളടങ്ങുന്ന സംവിധാനം വരുന്നത്. 

കാലങ്ങളായി വാഹനങ്ങളുടെ അമിതവേഗം മാത്രം കണ്ടെത്താനുള്ള ക്യാമറകളാണ് ഈ പാതയോരങ്ങളില്‍ സ്ഥാപിച്ചിരുന്നത്. നിശ്ചയിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ വാഹനങ്ങള്‍ ക്യാമറയുടെ താഴെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറിലൂടെ പോയാല്‍ ക്യാമറ പ്രവര്‍ത്തിക്കും. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റടക്കമുള്ളവയുടെ ചിത്രം എറണാകുളത്തുള്ള കണ്‍ട്രോള്‍ റൂമിലെത്തിക്കുകയും ചെയ്യും. 

അതു പരിശോധിച്ച് ഉടമയ്ക്ക് നോട്ടീസയച്ച് പിഴയീടാക്കുകയാണ് പതിവ്. ഇനി അമിതവേഗം മാത്രമല്ല മറ്റ് നിയമലംഘനങ്ങളും ക്യാമറവഴി പിടികൂടാനാണ് നീക്കം. മലപ്പുറം പോലീസ് മേധാവി നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ റൂമിലെത്തുന്ന ചിത്രങ്ങള്‍ നോക്കി നിയമലംഘനം കണ്ടെത്തും. 

ഉടമകള്‍ക്ക് നോട്ടീസ് അയച്ച് അടുത്തുള്ള പോലീസ്സ്റ്റേഷനില്‍ പിഴയടപ്പിക്കും. തിരൂര്‍ ഡിവൈ.എസ്.പി. നോഡല്‍ ഓഫീസറായുള്ള സംഘമാണ് ഇത് നിയന്ത്രിക്കുക. പോലീസസ്റ്റേഷനുകളില്‍ പണത്തിനു പകരം ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സൈ്വപ്പിങ് ചെയ്യാനുള്ള സംവിധാനവും ഇതോടൊപ്പം നിലവില്‍വരും.

Content Highlights: Traffic Surveillance Camera, Traffic Rule Violation, Malappuram