തിരുച്ചിറപ്പള്ളി നഗരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് പിരിമുറുക്കത്തിലാകുന്നവര്‍ക്ക് ആശ്വാസം പകരാന്‍ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് സമീപം സ്പീക്കര്‍വെച്ച് വാഹനയാത്രക്കാര്‍ക്ക് പുല്ലാങ്കുഴല്‍ സംഗീതം കേള്‍പ്പിച്ചാണ് യാത്രക്കാരുടെ സമ്മര്‍ദം കുറയ്ക്കുന്നത്. 

യാത്രക്കാര്‍ അല്പസമയം നില്‍ക്കുന്നത് സിഗ്‌നലുകളിലാണെന്നതിനാലാണ് ഇവിടെ പാട്ട് വെക്കുന്നത്.ഗതാഗതക്കുരുക്കില്‍പ്പെട്ട് സമയം നഷ്ടമാകുന്ന യാത്രക്കാര്‍ സമ്മര്‍ദത്തിലാകുന്നത് അപകടത്തിന് കാരണമാകുന്നെന്ന വിലയിരുത്തലാണ് ഈ സംരംഭത്തിനു പിന്നില്‍.

ഒന്നര മിനിറ്റോളം സിഗ്‌നല്‍ കാത്തുനില്‍ക്കുമ്പോള്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ കേള്‍ക്കുന്നത് മനസ്സിന് കുളിര്‍മയേകുമെന്നും അതുവഴി സമ്മര്‍ദം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പോലീസ്.

തിരുച്ചിറപ്പള്ളി നഗരത്തിലെ നാല് സിഗ്‌നല്‍ ലൈറ്റുകളോട് ചേര്‍ന്നാണ് ഇപ്പോള്‍ സ്പീക്കര്‍വെച്ച് പുല്ലാങ്കുഴല്‍ സംഗീതം കേള്‍പ്പിക്കുന്നത്. ഇളയരാജ സംഗീതം നല്‍കിയ ജനപ്രിയ ഗാനങ്ങളാണ് പുല്ലാങ്കുഴലില്‍ വായിക്കുന്നത്. യാത്രക്കാരില്‍നിന്ന് നല്ല പ്രതികരണം ലഭിച്ചതോടെ നഗരത്തില്‍ സിഗ്‌നല്‍ ലൈറ്റുള്ള 19 ജങ്ഷനുകളിലും ഈ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

ഓഫീസ് സമയങ്ങളില്‍ നഗരത്തിലെ വാഹനത്തിരക്ക് വര്‍ധിക്കുകയും ഗതാഗതക്കുരുക്ക് നിത്യസംഭവമാകുകയും ചെയ്തതോടെയാണ് കമ്മിഷണര്‍ എ. അരുണിന്റെ നിര്‍ദേശപ്രകാരം പാട്ട് കേള്‍പ്പിക്കാന്‍ തീരുമാനിച്ചത്. അക്ഷമയോടെ ട്രാഫിക് സിഗ്‌നല്‍ കാത്തുനില്‍ക്കുന്നവരുടെ മാനസിക സമ്മര്‍ദം കുറച്ചാല്‍ അമിത വേഗം, അശ്രദ്ധ തുടങ്ങിയവ കാരണമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി പോലീസ്.

Content Highlights: Traffic Siganl, Traffic Block, Flute Music, Traffic Police, Vehicles