കേന്ദ്ര മോട്ടോര്‍വാഹന നിമയപ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പലതും അപ്രായോഗികമാണെന്നും ഇവ കുറയ്ക്കാമെന്നും മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗ തീരുമാനപ്രകാരം ഏഴു നിയമലംഘനങ്ങളുടെ പിഴ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 

ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി. ഇതിനൊപ്പമാണ് മറ്റു നിയമലംഘനങ്ങള്‍ക്കും പിഴ കുറയ്ക്കാവുന്നതാണെന്ന നിര്‍ദേശം മോട്ടോര്‍വാഹനവകുപ്പ് മുന്നോട്ടുവെച്ചത്. പഴയനിരക്ക് ഈടാക്കുന്നതിനോട് മോട്ടോര്‍വാഹനവകുപ്പിന് യോജിപ്പില്ല. 

അപകടങ്ങള്‍ കുറയ്ക്കുന്നതിന് പിഴ ഉയര്‍ത്തേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രം നിര്‍ദേശിച്ച നിരക്ക് നടപ്പാക്കുക അപ്രായോഗികമാണ്. പരാതി ഉയര്‍ന്ന പിഴനിരക്കുകളില്‍ കേന്ദ്രം നിശ്ചയിച്ചതിന്റെ 50 ശതമാനം കുറയ്ക്കാവുന്നതാണെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. 

ഇതിന് നിയമപരിരക്ഷ ലഭിക്കുമോ എന്ന് പരിശോധിക്കണം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമവകുപ്പിന് കൈമാറും. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്കിനെക്കാള്‍ കുറഞ്ഞതുക ഈടാക്കാനാകില്ലെന്ന നിയമോപദേശമാണ് മുമ്പ് ലഭിച്ചത്. 

എന്നാല്‍, സംസ്ഥാനത്തിന് സ്വന്തമായി നിരക്ക് നിശ്ചയിക്കാനാകുമെന്ന് നിയമവകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നു. കോടതി ഉത്തരവിന് നിലവിലെ അവസ്ഥയിലുള്ള നിയമപ്രാബല്യം പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ റിപ്പോര്‍ട്ടും അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് പരിഗണിക്കും.

കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള ഉയര്‍ന്നപിഴ അപ്രായോഗികമാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയതിനാല്‍ പിഴ കുറയ്ക്കുന്നതിലേക്ക് നീങ്ങാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. അതേസമയം, നിയമവകുപ്പില്‍നിന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.

പിഴ കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചിട്ടില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും പിഴത്തുക ഉയര്‍ത്തി വിജ്ഞാപനം ഇറക്കിയില്ല. ഇതാണ് പിഴ കുറയ്ക്കുന്നതിലേക്ക് നീങ്ങാന്‍ സംസ്ഥാനത്തിനും ധൈര്യംപകരുന്നത്.

Content Highlights: Traffic Rule Violations; Penalties Are Irrelevant Says Motor Vehicle Department