റോഡിലെ അതിവേഗക്കാരെ അതിവേഗം ക്യാമറ പിടിക്കും. എന്നാല്‍ പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്നത് ഒച്ചിന്റെ വേഗത്തില്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറാസംവിധാനംവഴി പിടിച്ച നിയമലംഘനത്തിനുള്ള പിഴ അറിയിപ്പ് വരുന്നത് ഇപ്പോഴും തപാലില്‍. ഇ-ചലാന്‍ അടക്കമുള്ള പരിഷ്‌കാരങ്ങള്‍ വന്നിട്ടും ഇക്കാര്യത്തില്‍ സന്ദേശസംവിധാനം ഇനിയും നടപ്പായില്ല. സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇക്കാരണത്താല്‍ പിരിക്കാന്‍ ബാക്കികിടക്കുന്നത്.

മേയില്‍ കെ.എസ്.ടി.പി. റോഡില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിന്റെ പേരില്‍ പിഴ അയ്ക്കാനുള്ള അറിയിപ്പ് ലഭിച്ചത് നാലുമാസത്തിനുശേഷമാണ്. വേഗപരിധി മറികടന്നാല്‍ എത്ര ക്യാമറയില്‍ പതിയുന്നുവോ അതിന് ഓരോന്നിനും 1500 രൂപ വീതം പിഴ നല്‍കണം. ദേശീയപാതകളിലെ ക്യാമറയും വാഹന്‍ സോഫ്റ്റ്വേറും ബന്ധിപ്പിക്കാത്തതാണ് സന്ദേശം ലഭിക്കാത്തതിന് പ്രധാന കാരണം. ലിങ്ക് ഇല്ലാത്തതിനാല്‍ ഓട്ടോമാറ്റിക് സന്ദേശസംവിധാനം പ്രവര്‍ത്തിക്കില്ല. വാഹന വില്പനസമയത്തും മറ്റും പിഴ ഉണ്ടോ ഇല്ലയോ എന്ന് അറിയാനും പറ്റില്ല. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍നമ്പര്‍ ഉടമകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യാത്തതാണ് എസ്.എം.എസ്. അയക്കുന്നതിനുള്ള മറ്റൊരു പ്രശ്നമായി പറയുന്നത്. വാഹന്‍ പോര്‍ട്ടലില്‍ നല്‍കിയ ഫോണ്‍നമ്പര്‍ ഉടമസ്ഥന്റെത് ആകണമെന്നില്ല. സന്ദേശം യഥാര്‍ഥ ഉടമസ്ഥന് കിട്ടുന്നതിനും ഇത് തടസ്സമാകും. വാഹന്‍ വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും മൊബൈല്‍നമ്പര്‍ അപ്ഡേറ്റ് ചെയ്യിപ്പിക്കുകയാണ് ഇതിന് പരിഹാരം. ആര്‍.ടി.ഒ. ഓഫീസില്‍ സേവനത്തിന് വരുന്ന അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്തുതുടങ്ങി.

റോഡിലെ നിയമലംഘനം ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ ഉടന്‍ വാഹന ഉടമയുടെ മൊബൈല്‍നമ്പറില്‍ എസ്.എം.എസ്. ലഭിക്കും. ഇ-ചലാന്‍ വഴിയാണ് പിഴ അടപ്പിക്കുന്നത്. നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന നിമിഷംതന്നെ അവര്‍ ഫോട്ടോ എടുത്ത് ചലാന്‍ തയ്യാറാക്കും. 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസുകള്‍ വെര്‍ച്വല്‍ കോടതിയിലെത്തും. തുടര്‍ന്ന് ജില്ലാ കോടതിയിലേക്ക് അയക്കുകയും ചെയ്യും.

വേഗപരിധി

സ്‌കൂളുകള്‍ക്കരികെ ഏതു വാഹനത്തിനും 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗം പാടില്ല. ദേശീയപാതയില്‍ കാറുകള്‍ക്ക് 85 കിലോമീറ്ററാണ് വേഗപരിധി. സംസ്ഥാനപാതകളില്‍ ഇത് 80 കിലോമീറ്ററാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് ഇത് യഥാക്രമം 60, 50 കിലോമീറ്ററുകളാണ്. ഓട്ടോകള്‍ക്ക് 50 കിലോമീറ്റര്‍ വീതമാണ്. അതിവേഗം ക്യാമറയില്‍ പതിഞ്ഞാല്‍ 1500 രൂപയാണ് പിഴ. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. ഓണ്‍ലൈനിലും അടയ്ക്കാം.

Content Highlights: Traffic Rule Violations, Over Speeding, Penalty For Rule Violations, MVD Kerala