പ്രതീകാത്മക ചിത്രം | Photo: Social Media
കോയമ്പത്തൂര്‍ നഗരത്തില്‍ ഗതാഗതചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഒരുലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വര്‍ഷം അധികൃതര്‍ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സിറ്റി പോലീസ് 1,17,628 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് അതോററ്റിയോട് ശുപാര്‍ശ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇതില്‍ 1,01,082 ലൈസന്‍സുകള്‍ മൂന്നുമാസത്തേക്ക് റദ്ദാക്കി.
വാഹനത്തിന്റെ അതിവേഗം, അമിതഭാരം കയറ്റല്‍, യാത്രക്കാരെ അധികമായി കയറ്റല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിേയാണീ നടപടി.സെപ്റ്റംബര്‍ 27 വരെയുള്ള കണക്കനുസരിച്ച് ലോക്ഡൗണ്‍ കാലത്ത് സിറ്റിപോലീസ് മൂന്നുലക്ഷം ഗതാഗത ചട്ടലംഘനക്കേസുകള്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് കേസുകള്‍ക്ക്. വാഹനാപകടങ്ങളില്‍ 2019-ല്‍ 104 പേര്‍ മരിച്ചു. ഈവര്‍ഷം ഇത് 46 ആയി കുറഞ്ഞു. അപകടങ്ങള്‍ 795-ല്‍ നിന്ന് 490 ആയി കുറഞ്ഞു. പോലീസിന്റെ വാഹനപരിശോധന വര്‍ധിച്ചതാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ പണികിട്ടും
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ വാഹനം ഇനി ഉടമകള്‍ക്ക് പോലീസ് കൈമാറില്ല. പകരം കോടതിയില്‍ ഹാജരാക്കും. നടപടികള്‍ പൂര്‍ത്തിയാക്കി വാഹനം ഉടമസ്ഥന് കിട്ടാന്‍ 10 ദിവസം ചുരുങ്ങിയത് വേണ്ടിവരും. കോവിഡ് കാലത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടി പരിശോധിക്കുന്നത് നിലച്ചിരിക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനേത്തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ നഗരത്തില്‍ മരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയണ്. കഴിഞ്ഞ ഞായറാഴ്ച മാത്രം 10 വാഹനങ്ങള്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. വലിയതുക പിഴ അടയ്‌ക്കേണ്ടിവരുമെന്ന് സിറ്റി ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. മുത്തരശു പറഞ്ഞു.
Content Highlights: Traffic Rule Violation; More Thar One Lakh Driving Licence Suspended In Nine Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..