ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് ഓണ്‍ലൈനായി പിഴയീടാക്കുന്ന ഇ-ചെലാന്‍ സംവിധാനം എല്ലാ ജില്ലകളിലും നിലവില്‍വന്നു. ഡി.ജി.പി. ലോക്നാഥ് ബെഹ്റ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷം നിലവില്‍വന്ന പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനത്താകെ വ്യാപിപ്പിച്ചത്. 

11 മാസത്തിനിടെ ഈ അഞ്ച് നഗരങ്ങളില്‍നിന്നായി 17 കോടിയിലധികം രൂപയാണ് ഇ-ചെലാന്‍ വഴി പിഴയായി ഈടാക്കിയത്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്റെ നമ്പറോ ഡ്രൈവിങ് ലൈസന്‍സ് നമ്പറോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. 

വാഹനപരിശോധനയ്ക്കിടെ രേഖകള്‍ നേരിട്ട് പരിശോധിക്കുന്നതുമൂലമുള്ള സമയനഷ്ടം പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. പിഴയടയ്ക്കാനുള്ളവര്‍ക്ക് ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാനും കഴിയും. ഇത്തരം സംവിധാനങ്ങള്‍ കൈവശമില്ലാത്തവര്‍ക്ക് പിഴയടയ്ക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും.

കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കു കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് സോഫ്റ്റ്വേര്‍ തയ്യാറാക്കിയത്. ഫെഡറല്‍ ബാങ്ക്, ട്രഷറി വകുപ്പ്, പൈന്‍ലാബ്സ് എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ട്.

Content Highlights: Traffic Rule Violation; E-Challan Facility Starts Across Kerala