വെള്ളിയാഴ്ച കൊല്ലം ആര്‍.ടി.ഓഫീസ് പരിധിയില്‍ ചീറിപ്പായുന്ന ഫ്രീക്കന്മാരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് അറുപതോളം പേര്‍. 195 കേസുകളില്‍നിന്നായി പിഴയിനത്തില്‍ 84,500 രൂപ ഈടാക്കി.

സൈലന്‍സറുകളില്‍ അനുവദനീയമല്ലാത്ത മാറ്റം വരുത്തിയ പതിനഞ്ചോളം വാഹനങ്ങള്‍ പിടികൂടി. സൈലന്‍സറുകള്‍ മാറ്റിവെച്ചതിനുശേഷം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 42 പേര്‍ക്കെതിരേയും നമ്പര്‍ പ്ലേറ്റ് ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത 25 വാഹനങ്ങള്‍ക്കെതിരേയും ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ച 125 പേര്‍ക്കെതിരേയും നടപടിയെടുത്തു. ഒപ്പം പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച എട്ടോളം പേരുടെ രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി പിഴ അടപ്പിച്ചു. 

കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മഹേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും അറിയിച്ചു.

കൈ കാണിച്ചാല്‍ നിര്‍ത്തിയില്ലേല്‍ കേസ് വീട്ടില്‍ വരും

പരിശോധന നടക്കുമ്പോള്‍ പോലീസുകാര്‍ കൈ കാട്ടിയാലും നിര്‍ത്താതെ പോകുന്ന വിരുതന്മാരുണ്ട്. ഇങ്ങനെ പോലീസിനെ വെട്ടിച്ച് കടന്നുകഴിഞ്ഞാല്‍ രക്ഷപ്പെട്ടെന്നു കരുതേണ്ട. കേസ് അന്നുതന്നെ വീട്ടിലെത്തുന്ന രീതിയാണ് ഇപ്പോള്‍ പോലീസ് പിന്തുടരുന്നത്. 

കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ ഇത്തരത്തില്‍ കൈ കാണിച്ച് നിര്‍ത്താതെ പോയ മൂന്നുപേരെ വാഹനം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പ്രതികരിക്കാതെ വന്നപ്പോള്‍ വീട്ടിലെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. 

Content Highlights; Traffic rule violation, 195 case registered in kollam