മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ കാക്കിസംഘം സ്‌കൂട്ടര്‍ തടഞ്ഞപ്പോള്‍ യാത്രക്കാരായ സ്ത്രീകള്‍ അമ്പരന്നു. ലൈസന്‍സും മറ്റ് രേഖകളും ആവശ്യപ്പെട്ടു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. എല്ലാം പരിശോധിച്ചതിനുശേഷം ഉദ്യോഗസ്ഥര്‍ അവരെ അഭിനന്ദിച്ചു. അപ്പോഴാണ് ശ്വാസം നേരേവീണത്. പോരാത്തതിന് പെട്രോളടിക്കാന്‍ 300 രൂപയുടെ സൗജന്യ കൂപ്പണ്‍കൂടി നല്‍കിയതോടെ അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. 

മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് സുരക്ഷിതയാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായി റോഡിലിറങ്ങിയത്. ഗതാഗതനിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പിഴയീടാക്കുന്ന വകുപ്പിന്റെ വേറിട്ട മുഖമാണ് യാത്രക്കാര്‍ കണ്ടത്. എല്ലാ നിയമങ്ങളും അനുസരിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടുപിടിച്ച് മുന്നൂറ് രൂപയുടെ സൗജന്യ കൂപ്പണുകള്‍ നല്‍കി. കിഴക്കേത്തലയിലെ ഹൈവേയിലായിരുന്നു വ്യാഴാഴ്ച പരിശോധന.

അടുത്ത ദിവസങ്ങളില്‍ത്തന്നെ മലപ്പുറം ജില്ലയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോവിഡ് കാരണം ഓട്ടംകുറഞ്ഞ സാഹചര്യത്തില്‍ ഈ സൗജന്യകൂപ്പണ്‍ ഏറെ സഹായമായെന്ന് കൂപ്പണ്‍ ലഭിച്ച ഓട്ടോറിക്ഷാഡ്രൈവര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ഞൂറ് സൗജന്യകൂപ്പണുകള്‍ നല്‍കാനാണ് തീരുമാനം. വൈകാതെ അത് ആയിരമാക്കും. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മലപ്പുറത്തെ എ.എം. മോട്ടോര്‍സ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാബോധവത്കരണപരിപാടിയുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ ഇതിനുമുമ്പും മോട്ടോര്‍വാഹനവകുപ്പ് നടത്തിയിട്ടുണ്ട്. സൗജന്യ ഹെല്‍മെറ്റ് വിതരണം വന്‍ വിജയമായിരുന്നു.കോവിഡ് കാലത്ത് ആയിരം പെരുന്നാള്‍ക്കിറ്റുകളാണ് വിതരണംചെയ്തത്. ഓണക്കിറ്റുകളും പലയിടങ്ങളിലും വിതരണം ചെയ്തു.

എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ.കെ. സുരേഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ എം.വി.ഐ. മാരായഡാനിയല്‍ ബേബി, സജി തോമസ്, എ.എം.വി.ഐ. മാരായ ഷൂജ മാട്ടട, സയ്യിദ് മഹമൂദ്, എബിന്‍ ചാക്കോ, പി.കെ. മനോഹരന്‍ തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. എ.എം. മോട്ടോര്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെ. രാജേന്ദ്രന്‍, ജനറല്‍ മാനേജര്‍ ദീപക്, പ്രതിനിധി മുഹമ്മദ് ഫാസില്‍ എന്നിവരും പങ്കെടുത്തു.

Content Highlights: Traffic rule awareness programme by motor vehicle department, MVD Kerala