ദുബായ്: ട്രാഫിക് പിഴ പൂര്‍ണമായും ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ക്ക് അവസരമൊരുക്കി ദുബായ് പോലീസ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം  'സെറ്റില്‍ യുവര്‍ ഫൈന്‍സ്' എന്ന സംരംഭത്തിന് ദുബായ് പോലീസ് തുടക്കമിട്ടു. ബുധനാഴ്ച മുതല്‍ ഈ ആനുകൂല്യം പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് ബുധനാഴ്ച മുതല്‍ ട്രാഫിക് നിയമങ്ങളൊന്നും ലംഘിക്കാത്തവര്‍ക്ക് ഇത് വരെയുള്ള പിഴത്തുകയില്‍ 25 മുതല്‍ 100 ശതമാനം വരെ ഇളവ് ലഭിക്കും. സഹിഷ്ണുതാ വര്‍ഷം പ്രമാണിച്ചാണ് ഇത്തരമൊരു ആനുകൂല്യം നല്‍കുന്നതെന്ന് ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാറി അറിയിച്ചു. 

ബുധനാഴ്ച മുതല്‍ അടുത്ത മൂന്ന് മാസത്തേക്ക് ട്രാഫിക് നിയമങ്ങള്‍ ഒന്നും തെറ്റിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ഇതു വരെയുള്ള ട്രാഫിക് പിഴയില്‍ 25 ശതമാനം ഇളവ് ലഭിക്കും. ഇപ്രകാരം ആറ് മാസത്തേക്ക് തുടരുകയാണെങ്കിലോ പിഴയിളവ് 50 ശതമാനമായി ഉയരും. ട്രാഫിക് നിയമലംഘനങ്ങളൊന്നും നടത്താതെ അടുത്ത ഒന്‍പത് മാസങ്ങള്‍ വണ്ടിയോടിക്കുന്നവര്‍ക്ക് പിഴത്തുകയില്‍ 75 ശതമാനം ഇളവ് കിട്ടും. ഇനി ബുധനാഴ്ച മുതല്‍ അടുത്ത ഒരുവര്‍ഷത്തേക്ക് അതായത് 12 മാസത്തേക്ക് പുതിയ ട്രാഫിക് പിഴയൊന്നും ലഭിച്ചിട്ടില്ലായെങ്കില്‍, നിങ്ങളുടെ അതുവരെയുള്ള ട്രാഫിക്ക് പിഴ പൂര്‍ണമായും എഴുതിത്തള്ളും. ഫെബ്രുവരി ആറിന് മുന്‍പ് വാഹനയുടമയ്ക്ക് ലഭിച്ചിട്ടുള്ള മൊത്തം ട്രാഫിക് പിഴയിന്മേലാണ് ഇളവ് ലഭിക്കുന്നത്. 

ആനുകൂല്യം എല്ലാവര്‍ക്കുമില്ല 

ദുബായ് പോലീസിന്റെ പരിധിയില്‍ വരുന്ന ട്രാഫിക് പിഴകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയോ ദുബായ് മുനിസിപ്പാലിറ്റിയുടെയോ പിഴ ഈ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ലെന്ന് ദുബായ് പോലീസ് മേധാവി അറിയിച്ചു. കമ്പനി വാഹനങ്ങള്‍, കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികള്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ മൂന്ന് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചവര്‍ക്കും പിഴയിളവിന് അര്‍ഹതയുണ്ടാകില്ല. 

Content Highlights; Traffic fines wiped out for Dubai drivers who keep clean record for a year