നിയമങ്ങൾ പാലിച്ച് വാഹനമോടിച്ച യാത്രക്കാരിക്കുള്ള കിറ്റ് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ. എസ്.എ. ശങ്കരൻപിള്ള നൽകുന്നു | ഫോട്ടോ: മാതൃഭൂമി
ബൈക്കിലാണെങ്കില്‍ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണം. കാറിലാണെങ്കില്‍ എല്ലാവരും സീറ്റുബെല്‍റ്റ് ധരിച്ചിട്ടുണ്ടാവണം. ഇങ്ങനെ വാഹനയാത്രയില്‍ പാലിച്ചിരിക്കേണ്ട നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെങ്കില്‍ സമ്മാനമായി വിഷുക്കിറ്റ് കിട്ടും.
തിരൂരങ്ങാടി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ വിഷുക്കണിക്കിറ്റും സദ്യക്കുള്ള വിഭവങ്ങളും നല്‍കി നിയമം പാലിക്കാന്‍ പ്രോത്സാഹനമൊരുക്കിയത്. വിശേഷദിവസങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനുമാകണം. അതിനാണ് കണിക്കിറ്റു നല്‍കിയുള്ള ബോധവത്കരണം.
കൊന്നപ്പൂവ്, കണിവെള്ളരി, മാങ്ങ, പൈനാപ്പിള്‍, നാളികേരം, പട്ട്, പഴങ്ങള്‍ തുടങ്ങി വിഷുവിന് കണികാണാനുള്ള സാധനങ്ങളും സദ്യക്കുള്ള അരി, പായസം മിക്‌സ്, പച്ചക്കറികള്‍ എന്നിവയുമാണ് കിറ്റില്‍ നല്‍കിയത്.
തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ. എസ്.എ. ശങ്കരന്‍പിള്ള, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. പ്രമോദ് ശങ്കര്‍, പി.എച്ച്. ബിജുമോന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ. സന്തോഷ് കുമാര്‍, വി.കെ. സജിന്‍ എന്നിവര്‍ നേതൃത്വംനല്‍കി. പൂക്കിപ്പറമ്പ്, കക്കാട്, കോട്ടയ്ക്കല്‍, ചേളാരി, പരപ്പനങ്ങാടി, എടരിക്കോട് തുടങ്ങി വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കിറ്റുവിതരണം.
Content Highlights: Traffic Awareness Programme; Vishu Kit By Motor Vehicle Department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..