ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വാഹന വില മൂന്നു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.  വാഹന നിര്‍മാണ ഘടകങ്ങളായ സ്റ്റീല്‍, അലൂമിനിയം, കോപ്പര്‍, റബ്ബര്‍ എന്നിവയുടെ വില കൂടിയതും ജപ്പാന്‍ കറന്‍സിയായ യെന്നിന്റെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. 2017 ജനുവരി ഒന്ന് മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരുക.

5.39 ലക്ഷം രൂപ തുടക്ക വിലയുള്ള ഹാച്ച്ബാക്ക് ലിവ മുതല്‍ 1.34 കോടി രൂപ വിലയുള്ള പ്രീമിയം എസ്.യു.വി. ലാന്‍ഡ് ക്രൂയിസര്‍ 200 വരെയാണ് ടൊയോട്ടയുടെ വാഹന നിരയില്‍ ഉള്ളത്. വില വര്‍ധനയ്ക്കു മുന്നോടിയായി ഓണ്‍റോഡ് ഫിനാന്‍സിങ് ഇ.എം.ഐ. ഹോളിഡേ അടക്കമുള്ള വിവിധ പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഇന്നോവ ക്രിസ്റ്റ മോഡലുകള്‍ക്കായി 22,999 രൂപയെന്ന പ്രത്യേക ഇ.എം.ഐ. പാക്കേജും ടൊയോട്ട വാഗ്ദാനം ചെയ്തിട്ടുണ്ട്. 

16,920 മുതല്‍ 93,360 രൂപ വരെയാണ് വര്‍ധനവ്, എന്നാല്‍ ഓരോ മോഡലുകള്‍ക്കും വര്‍ധിപ്പിച്ച കൃത്യമായ വില വിവരപട്ടിക കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം 11,309 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്, 2015 നവംബറിനെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ അധിക വളര്‍ച്ച കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു.