കോവിഡ് നിയന്ത്രണങ്ങളിലുണ്ടായ ഇളവ് ഒട്ടേറെ മേഖലകള്‍ക്ക് പിടിവള്ളിയായെങ്കിലും ടൂറിസം-തീര്‍ഥാടന മേഖലയ്ക്ക് ഗുണം ചെയ്തില്ല. മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാഹന ഉടമകളും ജീവനക്കാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഒട്ടുമിക്ക തീര്‍ഥാടനകേന്ദ്രങ്ങളും 'ടൂറിസം സ്‌പോട്ടു'കളും തുറന്നെങ്കിലും ഇത് ഇവര്‍ക്ക് ഗുണകരമായില്ല. ശബരിമല സീസണ്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പൊതുവേ കൊയ്ത്തുകാലമാണ്. ശബരിമല തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ്ങും തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും സീസണെയാകെ ബാധിച്ചു.

കാലം തെറ്റിയ മഴ, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയും വിനയായി. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും ടൂറിസം മേഖലകളിലേക്ക് എത്തിപ്പെടാന്‍ ആര്‍.ടി.പി.സി.ആര്‍. പോലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതും കടമ്പയായി. അമ്പതോളം സീറ്റുകളുള്ള ടൂറിസ്റ്റ് ബസുകളില്‍ ചുരുങ്ങിയത് 35 തീര്‍ഥാടകര്‍ ഉണ്ടെങ്കില്‍ മാത്രമേ ലാഭകരമാവൂ. നിലവില്‍ പത്തും പതിനഞ്ചും പേര്‍ മാത്രമാണ് ഒരു ട്രിപ്പിന് സന്നദ്ധരായി ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നത്.

കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായതില്‍ ഒന്നാം സ്ഥാനത്താണ് ടൂറിസം മേഖലയും ഇതിനെ ആശ്രയിച്ചിരുന്ന വാഹനമേഖലയും. കോവിഡിന് പിന്നാലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും താഴുവീണതോടെ മേഖല പൂര്‍ണമായും 'ലോക്കി'ലായി. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഇത്തരം വാഹനങ്ങള്‍ കട്ടപ്പുറത്താണ്. 

വാഹനം പുതുതായി റോഡിലിറക്കാനുള്ള ഭീമമായ ചെലവും വായ്പ തിരിച്ചടവും ടാക്‌സും വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനപ്പുറമാണ്. സ്‌കൂള്‍-കോളേജ് വിനോദയാത്രകള്‍ക്കും വിവാഹങ്ങള്‍ക്കും സ്വകാര്യ ചടങ്ങുകള്‍ക്കും നിയന്ത്രണം വന്നതും വാഹനമേഖലയെ ബാധിച്ചു. 

ഓണ്‍ലൈന്‍ ബുക്കിങ് ഒഴിവാക്കിയാലേ രക്ഷയുള്ളൂ

രണ്ടുവര്‍ഷത്തോളമായി ബസുകള്‍ ഓടാതായിട്ട്. 70 ലക്ഷത്തിലധികം രൂപ വിലയുള്ള, 15 വര്‍ഷം കാലാവധി പറയുന്ന ബസിന്റെ രണ്ടുവര്‍ഷത്തെ ആയുസ്സാണ് ഇതോടെ നഷ്ടമായത്. നിലവില്‍ ഒരു ബസ് പുറത്തിറക്കാനായി ടയര്‍, ബാറ്ററി, പെയിന്റ്, സീറ്റ്, എ.സി. ഇനത്തിലായി രണ്ടരലക്ഷത്തോളം രൂപയാണ് ചെലവായത്. ടാക്‌സ്-ഇന്‍ഷുറന്‍സ് ഇനത്തിലാകട്ടെ ഒരു ബസിന് വര്‍ഷം രണ്ടരലക്ഷം രൂപ ചെലവ് വരും. ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ് ഒഴിവാക്കികിട്ടിയാല്‍ മാത്രമേ ഈ മേഖലയിലുള്ളവര്‍ക്ക് രക്ഷയുള്ളൂ.

സദാനന്ദന്‍ മഠത്തില്‍, ശ്രീഗുരു ട്രാവല്‍സ്, കണ്ണൂര്‍

ഓടിത്തുടങ്ങിയത് അഞ്ച് വണ്ടികളില്‍ ഒന്നുമാത്രം

ചെറുതും വലുതുമായി അഞ്ച് വണ്ടികളുള്ളതില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ ഓടുന്നത്. ഓര്‍ഡറുകള്‍ ചെറിയ തോതില്‍ ലഭിച്ചുവരുന്നതേയുള്ളൂ; ഈ സീസണില്‍ പൊതുവേ ലഭിക്കേണ്ടുന്നതിന്റെ 30 ശതമാനം മാത്രം. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ്ങും പ്രകൃതിക്ഷോഭവും ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍വരെയുള്ള നികുതി ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം. പ്രതിസന്ധികള്‍ മറികടക്കാനായി നിലവില്‍ ഒരു സ്വകാര്യവാഹനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.

എം. വിവേക്, ഡ്രൈവര്‍, വിനായക ട്രാവല്‍സ് ഉടമ, കണ്ണൂര്‍

വന്‍ ബാധ്യതകളുടെ നടുവില്‍

കോവിഡിന്റെ തുടക്കംമുതല്‍ ജില്ലയിലെ 99 ശതമാനം വാഹനങ്ങളും കട്ടപ്പുറത്തായിരുന്നു. ഇതില്‍ 99 ശതമാനവും ബാങ്ക് വായ്പയുള്ളവയുമാണ്. അടച്ചിട്ട രണ്ടുവര്‍ഷക്കാലയളവ് ഉടമകളെ സംബന്ധിച്ചിടത്തോളം വന്‍ ബാധ്യതയാണ്. അടവ് തെറ്റുമ്പോള്‍ത്തന്നെ കടുത്ത നടപടികളിലേക്കാണ് ബാങ്കുകള്‍ നീങ്ങുന്നത്. വലിയ ബസുകള്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ നാല്‍പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് ടാക്‌സ് ഇനത്തില്‍ ഒടുക്കേണ്ടി വരുന്നത്. ടാക്‌സ് ഇനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ വിട്ടുവീഴ്ച വേണ്ടതുണ്ട്. വിനോദ-തീര്‍ഥായാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. പാക്കേജുകള്‍ ഏര്‍പ്പെടുത്തിയതും ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.

നികേഷ് കാളിയത്ത്, കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്

Content Highlights: Tourist Buses, Tourist buses facing heavy crisis after lifting covid restrictions, Tourist bus