പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ന്യൂസ്
ലോക്ഡൗണിനു മുന്‍പ് കേരളത്തില്‍നിന്നു ബംഗാളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോയ നിരവധി ടൂറിസ്റ്റ് ബസുകള്‍ തിരിച്ചുവരാനാകാതെ കുടുങ്ങി. ഡ്രൈവര്‍മാരും ജീവനക്കാരുമുള്‍പ്പെടെ നൂറുകണക്കിനുപേര്‍ ദുരിതത്തിലായി. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍നിന്നുള്ള ഇരുനൂറോളം ബസുകളാണ് പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ കുടുങ്ങിയത്.
താമസത്തിനും ഭക്ഷണത്തിനും പ്രാഥമികകാര്യങ്ങള്‍ക്കും പ്രയാസപ്പെടുന്നതായി ഇവരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടതോടെയാണ് സംഭവം നാടറിയുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ഇവിടെനിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ ഇങ്ങനെ സര്‍വീസ് ആരംഭിച്ചത്. നാട്ടില്‍ പോകാനാഗ്രഹിക്കുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് 50 പേരൊക്കെ ആയാല്‍ ബസ് അങ്ങോട്ടുപോകും.
ഒന്നോരണ്ടോ ദിവസത്തിനകം കേരളത്തിലേക്കു വരാനുള്ളവരെ ഒരുമിച്ചുകൂട്ടി ഇങ്ങോട്ടൊരു മടക്കയാത്രയും. 7000 കിലോമീറ്ററോളമുള്ള യാത്രയ്ക്ക് 2,60,000 രൂപയാണ് ചാര്‍ജ് വരിക. ഇത് രണ്ടുഭാഗത്തേക്കും വരുന്നവര്‍ വീതംവെച്ചാണ് ബസുകാര്‍ക്ക് നല്‍കുക. ചെലവും കൂലിയുമെല്ലാം കഴിഞ്ഞാല്‍ ഉടമയ്ക്കും എന്തെങ്കിലും ലാഭം ലഭിക്കും.
കോവിഡ് കാലത്ത് വെറുതെകിടന്ന് വാഹനങ്ങള്‍ നശിക്കാതിരിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു ഇത്. ആളുകളെ സംഘടിപ്പിച്ചുനല്‍കാന്‍ ഇവിടെയും അവിടെയും ഏജന്റുമാരുമുണ്ട്. അവര്‍ക്കും ചെറിയ കമ്മീഷന് ലഭിക്കും.
ഇത്തരത്തില്‍ ബംഗാളില്‍ തിരഞ്ഞെടുപ്പിനുമുന്‍പ് ഇവിടെയുള്ളവരുമായിപ്പോയ ബസുകളാണ് തിരികെപ്പോരാന്‍ ആളെ കിട്ടാതെ കുടുങ്ങിയത്. ആളായാല്‍ പോരാമെന്ന വിശ്വാസത്തിനിടയിലാണ് ഇവിടെ ലോക്ഡൗണ്‍ ആയത്. ഏജന്റുമാരെ കാണാതായതും തിരിച്ചടിയായി. യാത്രക്കാരില്ലാതെ വന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും.
Content Highlights: Tourist Buses and Its Employees Stuck In Other States Due To Lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..