പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
വീട്ടിലെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ പേരില്‍ ടോള്‍ പ്ലാസയില്‍നിന്ന് നികുതി ഈടാക്കിയതായി വാഹന ഉടമയുടെ പരാതി. പാലക്കാട് കൊല്ലങ്കോട് നെന്മേനിയിലെ കെ. ശിവാനന്ദന്റെ പേരിലുള്ള കാറിനാണ് വാളയാര്‍ പാമ്പാംപള്ളം ടോള്‍ പ്ലാസയിലൂടെ സഞ്ചരിച്ചതായി കാണിച്ച് 65 രൂപ ടോള്‍ ഈടാക്കിയതായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തിയത്. ശനിയാഴ്ച 10.30-ന് വാഹനം ടോള്‍ പ്ലാസ കടന്നുപോയതായാണ് സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.
എന്നാല്‍, കാര്‍ മുതലമടയിലെ വീടിന്റെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് ടോള്‍ ബൂത്ത് വഴി കടന്നുപോയതായും തുക ഈടാക്കിയതായും സന്ദേശമെത്തിയതെന്ന് ശിവാനന്ദന് പറയുന്നു. ടോള്‍പ്ലാസയില്‍ പരാതി പറയാനുള്ള ടോള്‍ഫ്രീ നമ്പറില്‍ വിവരം വിളിച്ചറിയിച്ചതായും തെറ്റുണ്ടെങ്കില്‍ പരിശോധിച്ച് അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ചെയ്ത് നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചതായും ശിവാനന്ദന് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് ഒരു സ്വകാര്യ ബാങ്ക് ശാഖവഴി വാഹനത്തിന് ഫാസ് ടാഗ് അക്കൗണ്ട് എടുത്തത്. പിന്നീട് പലപ്പോഴും വാളയാര്‍ പാമ്പാംപള്ളം ടോള്‍ പ്ലാസയില്‍ നിന്ന് ഇത്തരം സന്ദേശങ്ങള്‍ എത്താറുണ്ടെന്ന് ശിവാനന്ദന് പറഞ്ഞു. പരാതി അറിയിച്ചാല്‍ തുക അക്കൗണ്ടിലേക്ക് ടോള്‍ പ്ലാസയില്‍ നിന്ന് ക്രെഡിറ്റ് ചെയ്ത് നല്‍കാറുമുണ്ട്.
മുമ്പ് തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും ആവഴി സഞ്ചിക്കാത്ത തന്റെ കാറിന് ടോള്‍ ചുമത്തിയതായി സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ശിവാനന്ദന് പറഞ്ഞു. സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞു.
Content Highlights: Toll Collection, Toll Plaza, Toll For Parked Vehicle, Palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..