വാഹനങ്ങളുടെ ടയറുകള്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. മഞ്ഞിലും മഴയിലും നിയന്ത്രണം നഷ്ടമാകാതെ നീങ്ങാനുള്ള കഴിവും ഭാരംവഹിക്കാനുള്ള ശേഷിയും ബ്രേക്കിങ് ക്ഷമതയും വേഗതയാര്‍ജിക്കാനുള്ള കഴിവും വിലയിരുത്തി ടയറുകളെ വേര്‍തിരിക്കും. 

പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വില്‍പ്പനാനുമതി ലഭിക്കൂ. ഒരോ മോഡലുകള്‍ക്കും ടയര്‍ കമ്പനികള്‍ പ്രത്യേകം അനുമതി വാങ്ങണം. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ലബോറട്ടറിയിലാണ് പരിശോധന നടത്തേണ്ടത്. ടെസ്റ്റിങ് മാനദണ്ഡങ്ങളും നിശ്ചയിച്ചു. ഒക്ടോബര്‍ മുതല്‍ വിപണിയിലെത്തുന്ന പുതിയമോഡല്‍ ടയറുകള്‍ ഇവ പാലിക്കണം. 

നിലവിലുള്ള മോഡലുകള്‍ 2022 ഒക്ടോബറിനുള്ളില്‍ അംഗീകാരം നേടണം. ഒരോ വാഹനത്തിനും അവയുടെ സസ്‌പെന്‍ഷന്‍, ഭാരം, വേഗം, ഉപയോഗം എന്നിവയ്ക്ക് അനുയോജ്യമായ ടയറുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇന്ധനക്ഷമത കൂട്ടാന്‍ പലരും തിരഞ്ഞെടുക്കുന്ന ഘര്‍ഷണം കുറഞ്ഞ (റോഡ്ഗ്രിപ്പ്) ടയറുകളും അപകടത്തിന് ഇടയാക്കാറുണ്ട്.

ഇവ ബ്രേക്കിങ് ക്ഷമത കാര്യമായി കുറയ്ക്കും. ടയര്‍ ത്രെഡിന്റെ അപാകവും അപകടകാരണമാകാറുണ്ട്. കമ്പനികള്‍ അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയിലെ ത്രെഡ്ഡുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം ഇനി എ.ഐ.എസ്. 142 നിബന്ധന പ്രകാരമുള്ള അളവ് പാലിക്കണം.

നോര്‍മല്‍, സ്‌നോ, സ്‌പെഷ്യല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ടയറുകളെ തിരിച്ചിട്ടുണ്ട്. 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയെടുക്കാന്‍ പാടില്ലാത്ത ടയറുകളെ തിരിച്ചറിയാന്‍ ലേബല്‍ പതിക്കും.

Content Highlights: To Ensure Tyre Safety, Grading Comes On The Basis Tyre Quality