കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ഏര്‍പ്പെടുത്തിയ ടോള്‍ യാത്രക്കാരുടെമേല്‍ ചുമത്തി കര്‍ണാടക ആര്‍.ടി.സി. ടോള്‍ ഏര്‍പ്പെടുത്തിയ മൈസൂരു-നഞ്ചന്‍കോട് പാതയിലോടുന്ന കര്‍ണാടക ആര്‍.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്കില്‍ ചൊവ്വാഴ്ചമുതല്‍ അഞ്ചുരൂപയുടെ വര്‍ധന വരുത്തി. 

കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍നിന്നടക്കമാണ് നഞ്ചന്‍കോട് പാതയില്‍ കഴിഞ്ഞദിവസം ടോള്‍ പിരിച്ചുതുടങ്ങിയത്. ചാമരാജനഗറില്‍നിന്നു മൈസൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 50 രൂപയായിരുന്നു. ഇത് ഇപ്പോള്‍ 55 രൂപയാണ്. 

നഞ്ചന്‍കോട് പാതയിലേതുകൂടാതെ ദേശീയപാതയിലെ ഗുണ്ടല്‍പേട്ടയ്ക്കുസമീപം മഡ്ഡൂരിലും മൈസൂരു-കൊല്ലഗല്‍ റോഡിലെ ടി.നരസിപുര റോഡിലും ടോള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇവിടങ്ങളില്‍ സ്ഥാപിച്ച ബൂത്തുകളില്‍ അടുത്തുതന്നെ ടോള്‍പിരിവ് തുടങ്ങാനിരിക്കുകയാണ്. ഇതുവഴി സര്‍വീസ് നടത്തുന്ന ബസുകളുടെ ടിക്കറ്റ് നിരക്കില്‍ നാലുരൂപ വര്‍ധിപ്പിക്കുകയുംചെയ്തിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതല്ല, ടോള്‍ ഇനത്തില്‍ നല്‍കുന്ന പണം യാത്രക്കാരോട് ഈടാക്കുകയാണെന്നാണ് കര്‍ണാടക ആര്‍.ടി.സി. അധികൃതരുടെ നിലപാട്. അതേസമയം, ഇതിനെതിരേ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. ടോള്‍ബൂത്തിനു സമീപത്തെ സ്ഥലവാസികള്‍ നേരത്തേതന്നെ ടോള്‍പിരിവിനെതിരേ രംഗത്തുവന്നിരുന്നു. 

സര്‍വീസ് റോഡില്ലാത്ത നഞ്ചന്‍കോട് റോഡില്‍ ടോള്‍ബൂത്ത് സ്ഥാപിച്ചത് പ്രദേശവാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ഓരോ യാത്രയ്ക്കും ടോള്‍ബൂത്തില്‍ പണം നല്‍കേണ്ട അവസ്ഥയാണവര്‍ക്ക്. അതിനുപുറമേയാണ് ഇപ്പോള്‍ ബസ് ടിക്കറ്റ്‌നിരക്കും വര്‍ധിപ്പിച്ചത്.

Content Highlights: Ticket Fare Increased In Karnataka RTC Bus