സ്വകാര്യബസുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ മൂന്നുമാസത്തേക്കുകൂടി പൂര്‍ണമായി നികുതിയിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. സ്‌കൂള്‍ ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും നികുതിയിളവ് ലഭിക്കും.
സ്റ്റേജ് കാര്യേജുകള്‍ക്ക് കഴിഞ്ഞമാസം ചാര്‍ജ് വര്‍ധനയ്ക്ക് അനുമതി നല്‍കിയിരുന്നു. അതുകൊണ്ടുമാത്രം പ്രതിസന്ധി തീരുന്നില്ലെന്നുകണ്ടാണ് ഇളവുനല്‍കുന്നത്. ഇതുവഴി സര്‍ക്കാരിന് 94 കോടി രൂപയുടെ വരുമാനക്കുറവുണ്ടാവും. നേരത്തേ ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുമാസം നികുതിയിളവ് നല്‍കിയിരുന്നു.
രണ്ടില്‍ക്കൂടുതല്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി കിട്ടുമ്പോള്‍ അതിന് സ്വകാര്യബസുകളെയും പരിഗണിക്കും. കഴിയുന്നത്ര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് സ്വകാര്യബസുടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പാലിക്കുന്നില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കേണ്ടിവരും.
ബെംഗളൂരുവില്‍നിന്നും മൈസൂരുവില്‍നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച സര്‍വീസ് തുടരും. വേണ്ടത്ര ബുക്കിങ്ങില്ലെങ്കില്‍ ബസ് ഓടിക്കില്ല. തുടര്‍ന്നുവരുന്ന സര്‍വീസില്‍ സീറ്റ് ലഭ്യമാക്കും. അതിന് താത്പര്യമില്ലാത്തവര്‍ക്ക് പണം തിരികെനല്‍കും.
പാലക്കാട് വഴിയും വയനാട് വഴിയുമുള്ള ഈ അന്തസ്സംസ്ഥാന സര്‍വീസ് ഓണക്കാല യാത്രക്കാര്‍ക്ക് സൗകര്യപ്രദമാവും. കോവിഡിനു മുമ്പുള്ളതിനേക്കാള്‍ വാഹനാപകടനിരക്ക് 17 ശതമാനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.
Content Highlights: Three More Month Tax Relaxation For Private Buses In Kerala