പാലക്കാട്: ഓട്ടോറിക്ഷയില്‍ കേരളം കാണാനിറങ്ങിയതാണ് ലണ്ടന്‍ സ്വദേശികളായ മൂവര്‍സംഘം. അലന്‍ മില്ലര്‍, മിലന്‍ ഡിയോണ്‍, ആദം ഒക്ല. രാവിലെ കൊച്ചിയില്‍നിന്ന് മൂവരും പാലക്കാട്ടെത്തി. മലമ്പുഴ കാണാന്‍ പോകും വഴിയില്‍ അകത്തേത്തറ റെയില്‍വേഗേറ്റില്‍ ഓട്ടോ ഇടിച്ചു. എന്നാല്‍ വണ്ടി നിര്‍ത്താതെ ഇവര്‍ മലമ്പുഴയ്ക്ക് വിട്ടു. അപ്പോള്‍ തുടങ്ങിയതാണ് പുകിലുകള്‍. 

റെയില്‍വേഗേറ്റ് കേടായി. ഒപ്പം ഗേറ്റില്‍ ഗതാഗതക്കുരുക്കുമായി. ഉദ്യോഗസ്ഥരെത്തിയാണ് നന്നാക്കിയത്. അരമണിക്കൂര്‍ യാത്രക്കാര്‍ റോഡില്‍ കുടുങ്ങി. പ്രത്യേക പെയിന്റടിച്ച ഓട്ടോ എല്ലാവരും കണ്ടിരുന്നു. ഇതിനിടെ മലമ്പുഴ കണ്ട് ഇതേവഴി തിരിച്ചെത്തിയ ഓട്ടോ റെയില്‍വേജീവനക്കാര്‍ തടഞ്ഞു. സംഭവം പ്രശ്‌നമാകുമെന്ന് കണ്ടതോടെ ഓട്ടോ ഓടിച്ചിരുന്ന പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ തടി തപ്പി. ഒടുവില്‍ റെയില്‍വേ സുരക്ഷാസേനയെത്തി, മൂവരേയും വണ്ടിയും കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് ഇവരേയും കൊണ്ട്ഓട്ടോയില്‍ പോകവേ വന്നു അടുത്ത പ്രശ്‌നം. കുറച്ച് ദൂരം മുന്നോട്ടുപോയ വണ്ടി പെട്ടെന്ന് നിന്നു. നോക്കിയപ്പോള്‍ പെട്രോള്‍ തീര്‍ന്നതാണ്. പിന്നെ കന്നാസില്‍ കൊണ്ട് വന്ന് നിറച്ചു. അവസാനം ഒരു വിധത്തില്‍ ഒലവക്കോട് ആര്‍.പി.എഫ്. സ്റ്റേഷനിലെത്തിച്ചു.

കൊച്ചിയിലെ സ്വകാര്യകമ്പനിയാണ് ടൂര്‍ പാക്കേജ് എന്ന നിലയില്‍ ഓട്ടോറിക്ഷയില്‍ നാട് കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതത്രേ. ഡ്രൈവറും ഇവരുടേതുതന്നെ. ഇയാളെ പിന്നീട് പിടികൂടി. ഏതായാലും വണ്ടിയിടിച്ചതിനുള്ള നഷ്ടപരിഹാരം ആര്‍.പി.എഫ്. കമ്പനിയില്‍നിന്ന് ഈടാക്കിയശേഷമാണ് ഇവരെ വിട്ടത്.

Content Highlights; foreigners auto journey