തിരുവമ്പാടി പോലീസ് സ്റ്റേഷന് അനുവദിച്ച ഫോഴ്സ് മോട്ടോഴ്സിന്റെ ഗൂർഖ എന്ന വാഹനം | ഫോട്ടോ: മാതൃഭൂമി
ചെങ്കുത്തായ മലനിരകളടങ്ങിയ കുടിയേറ്റമേഖലയുടെ ഏതു മുക്കിലും മൂലയിലും നൊടിയിടെ കുതിച്ചെത്താന്‍ തിരുവമ്പാടി പോലീസ് റെഡി. സ്റ്റേഷന് ആഭ്യന്തരവകുപ്പ് ഫോഴ്സ് മോട്ടേഴ്സിന്റെ ഗൂര്‍ഖ എന്ന പുതിയ വാഹനം അനുവദിച്ചു. ലിന്റോ ജോസഫ് എം.എല്‍.എ.യുടെ ശ്രമഫലമായാണിത്. വെള്ളിയാഴ്ച വാഹനം സ്റ്റേഷന് കൈമാറുമെന്ന് എം.എല്‍.എ. അറിയിച്ചു.
സേനയില്‍ നിലവിലുള്ള സാധാരണ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ദുര്‍ഘടപാതകള്‍ കീഴടക്കാന്‍ ഉദ്ദേശിച്ചാണ് കേരള പോലിസ് പുതിയതായി ഗൂര്‍ഖയുടെ 4x4 മോഡല്‍ വാഹനം ഏര്‍പ്പെടുത്തിയത്. ഹൈറേഞ്ച് പ്രദേശങ്ങളിലും നക്സല്‍ സാന്നിധ്യമുള്ള മേഖലകളിലും എളുപ്പം എത്തിപ്പെടാന്‍ ഉതകുന്നതാണ് ഇത്തരം വാഹനം. താമരശ്ശേരി സ്റ്റേഷനും ഇത്തരം വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും എത്തിയിട്ടില്ല.
കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും നക്സല്‍ സാന്നിധ്യമുള്ള മേഖലകളിലേയും ഉപയോഗിത്തിനായാണ് പ്രധാനമായും ഈ വാഹനം എത്തുകയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. 4x4 സംവിധാനമുള്ള മഹീന്ദ്രയുടെ വാഹനങ്ങള്‍ മുമ്പും പോലീസ് സേനയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ഫോഴ്സ് ഗൂര്‍ഖ കേരളാ പോലീസിന്റെ ഭാഗമാകുന്നത്. ഗൂര്‍ഖയ്ക്ക് പുറമെ, മഹീന്ദ്ര ബൊലേറോയുടെ 72 യൂണിറ്റുകളും പോലീസിന് അനുവദിച്ചിട്ടുണ്ട്.
2021-ന്റെ അവസാനത്തിലാണ് ഗൂര്‍ഖയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തിയത്. 13.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മോഡുലാര്‍ ആര്കിടെക്ചര് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുര്‍ഖ ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്.എല്ലും പ്രൊജക്ഷന് ഹെഡ്ലൈറ്റും നല്‍കിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റില്‍ നിന്ന് നീളുന്ന സ്നോര്‍ക്കലും മികച്ച സ്റ്റൈലിങ്ങ് നല്‍കിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും വീല്‍ ആര്‍ച്ചും വലിയ ഗ്ലാസുമാണ് ഗൂര്‍ഖയെ അലങ്കരിത്തുന്നത്.
2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗുര്‍ഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകള്‍.
Content Highlights: Thiruvambady Police Station Gets Force Gurkha Off Road SUV, Force Gurkha, Kerala Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..