ടുത്ത വര്‍ഷം തുടക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് ആഗോളതലത്തിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ എത്തിയേക്കില്ലെന്ന് സൂചന. ഫോക്‌സ്‌വാഗണ്‍, സ്‌കോഡ്, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി ഷെവര്‍ലെ, നിസാന്‍, ഫോര്‍ഡ് തുടങ്ങി മുന്‍നിര കമ്പനികളുടെ അഭാവത്തിലാകും 2018 ഓട്ടോ എക്‌സ്‌പോ നടക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ ഷെവര്‍ലെ ഉടമകളായ ജനറല്‍ മോട്ടോര്‍സ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ആഭ്യന്തര വില്‍പ്പന അവസാനിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓട്ടോ എക്‌സ്‌പോയ്ക്കായി വന്‍ നിക്ഷേപം നടത്തിയിട്ടും പര്യാപ്തമായ ലാഭം ലഭിക്കാത്തതാണ് മുന്‍നിര കമ്പനികളുടെ പിന്‍മാറ്റത്തിനുള്ള കാരണമെന്നാണ് വിവരം. 

2018 ഫെബ്രുവരി പകുതിയോടെ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റ് നോയിഡയിലാണ് 14-ാമത് ഓട്ടോ എക്‌സ്‌പോ അരങ്ങേറുക. SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്‌), ബിസിനസ് ചേംബര്‍ CII സംയുക്തമായി ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴുമാണ് ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കാറുള്ളത്. ലോകത്തെ വിവിധ വാഹന കമ്പനികളുടെ പുതിയ മോഡലുകളും പ്രത്യേക പതിപ്പുകളും ഭാവി വാഹന കണ്‍സെപ്റ്റുകളും ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. കാറുകള്‍ക്കൊപ്പം മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ബജാജ് ഓട്ടോയും എക്‌സ്‌പോയില്‍നിന്ന് വിട്ടുനില്‍ക്കും. ലാഭകരമല്ലാത്തതിനാല്‍ കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയ്ക്കും ഇവരുണ്ടായിരുന്നില്ല. 

2020 ഓട്ടോ എക്‌സ്‌പോയില്‍ തിരിച്ചെത്തുമെന്ന് ഫോകസ്‌വാഗണ്‍ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ കമ്പനികള്‍ ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. മുന്‍നിര കമ്പികളുടെ അഭാവം ഓട്ടോ എക്‌സ്‌പോയുടെ ശോഭയെ ചെറുതായി ബാധിച്ചേക്കാമെന്ന ആശങ്ക സംഘടാകര്‍ക്കുണ്ട്. ഏതെല്ലാം കമ്പനികള്‍ ഓട്ടോ എക്‌സ്‌പോയ്‌ക്കെത്തുമെന്ന കൃത്യമായ വിവരങ്ങള്‍ അധികം വൈകാതെ സിയാം പുറത്തുവിടും. അതേ സമയം ഹ്യുണ്ടായിയുടെ സബ്-ബ്രാന്‍ഡും കൊറിയന്‍ നിര്‍മാതാക്കളുമായ കിയ മോട്ടോര്‍സ്, എസ്.ഡബ്യു.എം മോട്ടോര്‍ സൈക്കിള്‍സ്, പ്യൂഷെ തുടങ്ങി പുതിയ അംഗങ്ങള്‍ 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഡല്‍ഹിയിലേക്കെത്തും.