കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശബരിമല സീസണിലെ ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ലാഭത്തിലായതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ പ്രസ്താവന. 

അയ്യപ്പഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് സര്‍വീസ് നടത്തിയത്. ഇത് കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ ലാഭം വകുപ്പിന് നല്‍കിയെന്നാണ് പ്രാധമികമായ വിലയിരുത്തലുകള്‍. 

ദിവസേന ശരാശരി 360 കിലോമീറ്ററാണ് ഒരു ബസ് ഓടിയിരുന്നത്‌. ഒരു കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു. വൈദ്യുതി ചാര്‍ജ്ജും വെറ്റ്‌ലീസ് ചാര്‍ജ്ജും ഒഴിവാക്കിയാല്‍ ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനത്തിനായി ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് വെറും ആറ് രൂപയാണ് ചെലവ് വരുന്നത്. വൈദ്യുതി ചാര്‍ജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക ഇല്ലാത്തതിനാല്‍ അന്തരീക്ഷമലിനീകരണവും കുറഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വര്‍ഷത്തേക്ക് കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്തിട്ടുള്ള ഇ-ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഇ-വെഹിക്കിള്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. കേരള ഓട്ടോ മൊബൈല്‍സ് ആകട്ടെ ഇലക്ട്രിക് ഓട്ടോകള്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലുമാണ്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


Content Highlights: The Trial Service Of Electric Buses In The State Has Been A Success