പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം രാജ്യത്തിനും ജനങ്ങള്‍ക്കുമൊപ്പം പാറപോലെ ഉറച്ചുനിന്ന ചരിത്രമാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റയ്ക്കുള്ളത്. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിലും അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് ടാറ്റ ഗ്രൂപ്പില്‍നിന്നും ഉണ്ടായിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യമാകെ നേരിടുന്ന പ്രശ്‌നം ഓക്‌സിജന്‍ ക്ഷമമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്.

ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ എത്തിക്കുന്നതിനായി 24 ക്രെയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യുകയാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യം ഇപ്പോള്‍ പ്രതിസന്ധിയെ മറികടക്കാന്‍ കമ്പനിക്ക് ആകുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

കോവിഡിന്റെ ഒന്നാം തരംഗത്തിലും രാജ്യത്തിന് വലിയ പിന്തുണയാണ് ടാറ്റ മോട്ടോഴ്‌സും ടാറ്റ ഗ്രൂപ്പും നല്‍കിയിരുന്നത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് 20 വിങ്ങര്‍ ആംബുലന്‍സുകള്‍ നല്‍കുകയും വിവിധ ആശുപത്രികള്‍ക്കായി 100 വെന്റിലേറ്റര്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, വാക്‌സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി ഫ്രീസര്‍ ട്രക്കുകള്‍ നിര്‍മിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് ആദ്യ ഘട്ടത്തില്‍ ഉറപ്പുനല്‍കിയിരുന്നു. 

2020 മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ ടാറ്റ ട്രസ്റ്റ് 500 കോടി രൂപയുടേയും ടാറ്റ സണ്‍സ് 1000 കോടി രൂപയുടേയും ധനസഹായമാണ് രാജ്യത്തിന് പ്രഖ്യാപിച്ചത്. ഇതില്‍ ടാറ്റ ട്രസ്റ്റിന്റെ സംഭവന കോവിഡ് പ്രതിരോധ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായാണെന്ന് ടാറ്റ ട്രസ്റ്റിന്റെ മേധാവി അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: The Tata Group Import 24 Cryogenic Containers To Transport Oxygen