പെരമ്പൂരിലെ ഇന്റഗ്രേറ്റഡ് കോച്ച് നിർമാണ ഫാക്ടറിയിൽ ഒരുങ്ങുന്ന വന്ദേഭാരത് ട്രെയിൻ | ഫോട്ടോ: മാതൃഭൂമി
വന്ദേഭാരത് ട്രെയിനിന്റെ വേഗം 160-ല്‍നിന്ന് 200 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. വന്ദേഭാരതിന്റെ വേഗം 200 കിലോമീറ്ററാക്കണമെന്ന് റെയില്‍വേ ബോര്‍ഡാണ് ആവശ്യപ്പെട്ടത്. ഇതിനായി സാങ്കേതികവിദ്യ വികസിപ്പിക്കും. ട്രാക്കുകള്‍ കൂടുതല്‍ ബലപ്പെടുത്തും. സിഗ്‌നല്‍ സംവിധാനങ്ങള്‍ നവീകരിക്കും. ഐ.സി.എഫില്‍ വിളിച്ചുചേര്‍ത്ത മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 21 റൂട്ടുകളില്‍ വന്ദേഭാരത് ഓടുന്നുണ്ടെങ്കിലും ന്യൂഡല്‍ഹി-വാരാണസി, ന്യൂഡല്‍ഹി-കാത്ര റൂട്ടുകളില്‍ 160 കിലോമീറ്ററാണ് വേഗം. ചെന്നൈയില്‍നിന്ന് റെനിഗുണ്ടയിലേക്കും ജോലാര്‍പ്പേട്ടയിലേക്കും ഇപ്പോള്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന രീതിയില്‍ ട്രാക്കുകള്‍ ബലപ്പെടുത്തിയിട്ടുണ്ട്. മറ്റ് റൂട്ടുകളില്‍ വേഗം വര്‍ധിപ്പിക്കാനുള്ള പണി പുരോഗമിക്കുകയാണ്.
ഈ സാമ്പത്തികവര്‍ഷം വന്ദേഭാരതിന്റെ എ.സി. ചെയര്‍കാറുള്ള 77 വണ്ടികള്‍ നിര്‍മിക്കും. ഇതുവരെ ഐ.സി.എഫിന്റെ 21 വന്ദേഭാരതാണ് പുറത്തിറങ്ങിയത്. ഇതില്‍ 16 കോച്ചുള്ളവയും എട്ട് കോച്ചുകള്‍ അടങ്ങിയവയുമുണ്ട്. ഇനി ഇറങ്ങുന്നത് എട്ട് കോച്ചുകളടങ്ങിയ ട്രെയിനുകൾ മാത്രമായിരിക്കുമെന്നും ഐ.സി.എഫ്. ജനറല്‍ മാനേജര്‍ പറഞ്ഞു.
വരുന്നു വന്ദേഭാരത് സ്ലീപ്പര്‍, വന്ദേഭാരത് മെട്രോ
സാമ്പത്തികവര്‍ഷത്തില്‍ വന്ദേഭാരതിന്റെ ഒന്നുവീതം സ്ലീപ്പര്‍ കോച്ചുകളടങ്ങിയ ട്രെയിനും മെട്രോയും നിര്‍മിക്കുമെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ 200 സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 80 എണ്ണം ഐ.സി.എഫിലും 120 എണ്ണം ലാത്തൂര്‍ കോച്ച് ഫാക്ടറിയിലുമാണ് നിര്‍മിക്കുക. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) ആയിരിക്കും ഇവ നിര്‍മിക്കുക.
സ്ലീപ്പര്‍ വണ്ടിയില്‍ ഒരു ഫസ്റ്റ് ക്ലാസ് കോച്ചും നാല് സെക്കന്‍ഡ് എ.സി. കോച്ചുകളും 11 തേഡ് എ.സി. കോച്ചുകളും പാന്‍ട്രി കാറും ഉണ്ടാകും. രാജധാനി വണ്ടിയിലുള്ള എല്ലാ സംവിധാനവും ഇതിലുമുണ്ടാകും. തുടക്കത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന വണ്ടികളായിരിക്കും നിര്‍മിക്കുക. പിന്നീട് ഘട്ടംഘട്ടമായി വേഗം വര്‍ധിപ്പിക്കും. വന്ദേഭാരത് മെട്രോ ഹ്രസ്വദൂരത്തേക്കോടുന്ന വണ്ടികളായിരിക്കും. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മെമു കോച്ചുകള്‍ക്ക് പകരമായിട്ടായിക്കും ഇവ സര്‍വീസ് നടത്തുക.
12 അടി വീതിയുള്ള 15 കോച്ചുകളുള്ള വണ്ടിയില്‍ 3000 പേര്‍ക്ക് യാത്രചെയ്യാനാകും. വന്ദേഭാരത് ഓടിക്കൊണ്ടിരിക്കെ ട്രാക്കില്‍ കയറുന്ന പശുക്കളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി വന്ദേഭാരതിന്റെ മുന്‍ ഭാഗത്തെ കോച്ചിലെ നിര്‍മാണത്തില്‍ മാറ്റംവരുത്തും. വന്ദേഭാരതിനുനേരെ കല്ലെറിയുന്നവരെ കണ്ടെത്താന്‍ എല്ലാ വണ്ടികളിലും സി.സി.ടി.വി.കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.
Content Highlights: The speed of Vande bharat train will be increased from 160 to 200 kmph, Indian Railways


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..