പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ദേശീയപാതകളില്‍ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന തുടങ്ങി. ബോധവത്കരിക്കുന്ന ഘട്ടവും താക്കീത് നല്‍കുന്ന ഘട്ടവും പിന്നിട്ടതോടെ പിഴയീടാക്കാനുള്ള നടപടികളാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്വീകരിക്കുന്നത്. 'ലെയ്ന്‍ ട്രാഫിക്' നിയമം തെറ്റിച്ച് യാത്രചെയ്യുന്നവരില്‍നിന്ന് 1,000 രൂപ പിഴയീടാക്കാനാണ് നിര്‍ദേശം.
ആദ്യഘട്ടമെന്നനിലയില്‍ വാളയാര്‍മുതല്‍ ആലുവവരെയുള്ള പാതയിലാണ് ചൊവ്വാഴ്ച പരിശോധന തുടങ്ങിയത്. വലിയവാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന. യാത്ര ഇടതുവശത്തൂകൂടി മാത്രമേ പാടുള്ളൂവെന്നും വാഹനങ്ങളെ മറികടക്കാന്‍ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാവൂ എന്നുമാണ് 'ലെയ്ന്‍ ട്രാഫിക്' നിയമം. ജനുവരി ഏഴുമുതല്‍ ട്രാക്ക് തെറ്റിക്കുന്നവരെ ബോധവത്കരിക്കുകയും പിന്നീട് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
2022 ഒക്ടോബറില്‍ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്നത് വാളയാര്‍-വടക്കഞ്ചേരി നാലുവരി ദേശീയപാതയിലെ അഞ്ചുമൂര്‍ത്തിമംഗലത്താണ്. അന്ന് ലെയ്ന്‍ ട്രാഫിക് പാലിക്കാതിരുന്നതായിരുന്നു അപകടകാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതിനൊപ്പം, നിയമസഭാ സബ്ജക്ട് കമ്മിറ്റിയും ലെയ്ന്‍ ട്രാഫിക് നിയമം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ദേശീയ, സംസ്ഥാന പാതകളിലാണ് അപകടങ്ങള്‍ കൂടുതലുള്ളതെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്.
നാലുവരി, ആറുവരി ദേശീയപാതകളില്‍ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്നാണ് നിയമം. ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.
മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടതുട്രാക്കില്‍ത്തന്നെ യാത്ര തുടരണമെന്നും നിയമത്തിലുണ്ട്. വേഗപരിധി കൂടിയ കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടതുട്രാക്ക് ഉപയോഗിക്കണം.
Content Highlights: The Motor Vehicle Department has started checking to find violation of lane traffic rule in highways
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..