പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
സംസ്ഥാനത്തെ ആദ്യത്തെ വാഹനംപൊളിക്കല്‍കേന്ദ്രം നിര്‍മിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍ക്കാര്‍ അനുമതിനല്‍കി. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍കേന്ദ്രം സജ്ജമാക്കാം. കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്ക് ഇതിനുള്ള അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരും.
15 വര്‍ഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചാണ് വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതില്‍ പരാജയപ്പെടുന്നവ പൊളിക്കേണ്ടിവരും.
സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമായി നിജപ്പെടുത്തിയിരുന്നു. ഇവ ഉടന്‍ പൊളിക്കേണ്ടിവരും. സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്നാണ് നിഗമനം. ഇതില്‍ 2506 സര്‍ക്കാര്‍ വാഹനങ്ങളുമുണ്ട്. കെ.എസ്.ആര്‍.ടി.സി.യെ സംബന്ധിച്ച് വന്‍ വാണിജ്യസാധ്യതയാണ് മുന്നിലുള്ളത്.
പൊളിക്കുന്ന വാഹനഘടകങ്ങള്‍ ഉരുക്കുനിര്‍മാണകമ്പനികള്‍ പുനരുപയോഗത്തിന് ഏറ്റെടുക്കും. വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. രാജ്യത്തെ ആദ്യത്തെ പൊളിക്കല്‍കേന്ദ്രം 2022 മേയില്‍ നോയിഡയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനംചെയ്തിരുന്നു. വാഹനംപൊളിക്കല്‍ കേന്ദ്രം സജ്ജീകരിക്കുന്നതിനാവശ്യമായ ഭൂമി കെ.എസ്.ആര്‍.ടി.സിക്കുണ്ട്.
സ്വകാര്യസംരംഭകരെ കണ്ടെത്തി പൊളിക്കല്‍കേന്ദ്രം സജ്ജീകരിച്ചാലും നേട്ടമാകും. 2021 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ വാഹനംപൊളിക്കല്‍നയം പ്രഖ്യാപിച്ചത്. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. പഴയവാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്ട്രേഷനിലും നികുതിയിലും ഇളവു ലഭിക്കും.
Content Highlights: The government has given permission to KSRTC to build the vehicle scrapping center in the state
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..