പ്രളയത്തില്‍ കേരളം മുങ്ങിപ്പോയ നാളുകളില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി പുതുക്കാന്‍ കഴിയാത്തവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ടത് പോളിസി നിലവിലുണ്ടായിരുന്നപ്പോഴാണെന്ന് തെളിയിച്ചാല്‍ മതി.

ഓഗസ്റ്റ് പതിനാറിനോ അതിനുശേഷമോ കാലവധി തീര്‍ന്ന പോളിസി വെള്ളപ്പൊക്കം നിമിത്തം പുതുക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതുക. ഈ വാഹനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയുണ്ട്. പോളിസി പുതുക്കിയില്ലെങ്കിലും വാഹനത്തിന് നാശനഷ്ടമുണ്ടായത് ഇന്‍ഷുറന്‍സ് സംരക്ഷണം നിലവിലുള്ളപ്പോഴായിരുന്നതിനാലാണിത്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരം കേസുകള്‍ കാര്യമായ പരാതികള്‍ക്കിട നല്‍കാതെ തീര്‍പ്പാക്കുന്നുണ്ട്. പ്രളയകാലത്ത് ജില്ലകളില്‍ ജലനിരപ്പ് ഉയര്‍ന്നത് വ്യത്യസ്ത ദിവസങ്ങളിലാണ്. റവന്യൂവകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട തീയതികള്‍ ലഭ്യമാണ്. ഈ മാനദണ്ഡം അനുസരിച്ചാണ് ഇത്തരം ക്ലെയിമുകളില്‍ തീര്‍പ്പുണ്ടാക്കേണ്ടത്.

സംശയമുള്ള കേസുകളില്‍ വില്ലേജ് ഓഫീസര്‍മാരുടെ സാക്ഷ്യപത്രം സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വെള്ളം കയറിയ തീയതിയും പോളിസിയുടെ കാലാവധി അവസാനിച്ച ദിവസവും തമ്മില്‍ കാര്യമായ അന്തരം തോന്നിയാല്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.)യുടെ അംഗീകാരമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ പാനലില്‍നിന്ന് വിവരശേഖരണത്തിന് ആളെ നിയോഗിക്കും. 

സ്ഥലത്തെത്തി അന്വേഷിച്ച് ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ക്ലെയിം തീര്‍പ്പാക്കുന്ന രീതിയാണ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വീകരിക്കുന്നത്.

ചില സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി യഥാസമയം പുതുക്കിയില്ലെന്ന പേരില്‍ ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്. ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയാല്‍ പരിഹാരമുണ്ടാകും.

വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങളുടെ പോളിസി നിലവിലെ ഇന്‍ഷുറന്‍സ് കമ്പനി മാറി പുതുക്കിയവര്‍ക്ക് ക്ലെയിം തീര്‍പ്പാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വെള്ളം ഉയര്‍ന്ന സമയത്ത് നിലവിലുണ്ടായിരുന്ന പോളിസിയിലെ നഷ്ടപരിഹാരമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കേണ്ടത്. 

എന്നാല്‍, പുതിയ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളെ നിര്‍ബന്ധിക്കുകയാണ്. ഐ.ആര്‍.ഡി.എ.ഐ. ചട്ടപ്രകാരം ഈ നടപടി നിയമവിരുദ്ധമാണ്.