സംസ്ഥാനത്ത് ബസുകളുടെ ആയുസ്സ് 15-ല്‍നിന്ന് 20 വര്‍ഷമാക്കിയത് ചട്ടപ്രകാരമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മോട്ടോര്‍വാഹന നിയമത്തിലെ 260 എ ചട്ടം സര്‍ക്കാരിന് അതിനുള്ള അധികാരം നല്‍കുന്നുണ്ടെന്ന് ഗതാഗതവകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്. സ്മിത നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

കാലപരിധി കൂട്ടുന്നതിനോടുള്ള എതിര്‍പ്പുകള്‍കൂടി പരിഗണിച്ചാണ് അഞ്ചുകൊല്ലം കൂട്ടിനല്‍കാന്‍ തീരുമാനിച്ചത്. ബസിന്റെ ഉപയോഗ കാലപരിധി കൂട്ടുന്നതിനെതിരേ ആലുവാ സ്വദേശി പി.ഡി. മാത്യു നല്‍കിയ ഹര്‍ജിയിലാണിത്. ഡീസലിലോടുന്ന ബസുകളുടെ കാലപരിധി കൂട്ടുന്നത് സുരക്ഷിതത്വത്തെ ബാധിക്കുമെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

സര്‍ക്കാര്‍ അറിയിച്ചത്

  • ബസിനുള്‍പ്പെടെ ഡീസലിനുപകരം വൈദ്യുതി, സി.എന്‍.ജി., എല്‍.എന്‍.ജി. തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. അതാണ് കേന്ദ്രനയം.
  • പുതിയ ഇലക്ട്രിക് ബസുകള്‍ വന്നിട്ടുണ്ട്. ഡീസല്‍ ബസുകളെ അത്തരം ബദല്‍ ഇന്ധനത്തിലേക്ക് മാറ്റാനുള്ള കിറ്റുകളും വിപണിയിലുണ്ട്.
  • അക്കാര്യത്തില്‍ ഉടമകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ വേണ്ടിയാണ് കാലപരിധി കൂട്ടിയത്. ആ ആവശ്യമുന്നയിച്ച് ഉടമകളില്‍നിന്ന് നിവേദനം ലഭിച്ചിരുന്നു.
  • നഷ്ടത്തിലാവുന്ന പൊതുഗതാഗതസംവിധാനത്തെ ശക്തിപ്പെടുത്താന്‍ അത് ആവശ്യമാണ്. കെ.എസ്.ആര്‍.ടി.സി.ക്കും അത് ഗുണകരം.
  • ബസുകള്‍ക്ക് എല്ലാവര്‍ഷവും ഫിറ്റ്‌നസ് പരിശോധനയും മറ്റുമുണ്ട്. അതിനാല്‍ കാലപരിധി കൂട്ടുന്നതിന്റെ പേരില്‍മാത്രം അപകടമുണ്ടാവില്ല.
  • മറ്റുസംസ്ഥാനങ്ങളില്‍ കാലപരിധി നിശ്ചയിച്ചിട്ടില്ല

#Content Highlights: Bus Permit Validity, Electric Bus, CNG Bus, Public Transport