ലോകത്തെ പ്രമുഖ വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയ്ക്കായി ചൈന തങ്ങളുടെ വ്യവസായ നയത്തില്‍ ഇളവുവരുത്തി. ഇതോടെ അമേരിക്കന്‍ കമ്പനിയായ ടെസ്‌ല രാജ്യത്തിനു പുറത്തെ ആദ്യ നിര്‍മാണ ഫാക്ടറി തുറക്കാന്‍ ചൈനയെ തിരഞ്ഞെടുത്തു. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമിട്ട് ടെസ്‌ല ഇന്ത്യയെ വൈദ്യുത കാര്‍ നിര്‍മാണ ഹബ്ബ് ആക്കിയേക്കുമെന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റത്. ഫാക്ടറി സ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാര്‍ തുറമുഖത്തോടു ചേര്‍ന്ന് സ്ഥലവും വാഗ്ദാനം ചെയ്തിരുന്നു.

ഷാങ്ഹായിലെ സ്വതന്ത്ര വ്യാപാരമേഖലയിലാണ് ടെസ്‌ലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഫാക്ടറി വരുന്നത്. വിദേശ കമ്പനികള്‍ക്ക് പ്രാദേശിക കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ മാത്രമേ ചൈനയില്‍ നിര്‍മാണ യൂണിറ്റ് തുറക്കാനാകൂവെന്ന നിയമത്തില്‍ ഇളവുവരുത്തിയാണ് ടെസ്‌ലയ്ക്ക് സ്വീകരണം നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം തുടങ്ങും.

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെ സിലിക്കണ്‍വാലി സന്ദര്‍ശിച്ചപ്പോള്‍ ടെസ്‌ലയെ ഇന്ത്യയില്‍ ഫാക്ടറി തുറക്കാന്‍ ക്ഷണിച്ചിരുന്നു. വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. 2030-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാകണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.