ഭാരമേറിയ പാസഞ്ചര്‍ വിമാനം കെട്ടിവലിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത് ടെസ്‌ലയുടെ മോഡല്‍ X P100D ഇലക്ട്രിക് എസ്‌യുവി. മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ 130 ടണ്‍ (130000 കിലോഗ്രാം) ഭാരമുള്ള ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് മോഡല്‍ എക്‌സ് നിഷ്പ്രയാസം കെട്ടിവലിച്ചത്. ഏറ്റവും കൂടുതല്‍ ഭാരമുള്ള വിമാനം വിജയകരമായി കെട്ടിവലിക്കുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഇതുവഴി ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ മോഡല്‍ X സ്വന്തം പേരിലാക്കിയത്. 

2.5 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയോടെ കമ്പനി പുറത്തിറക്കിയ മോഡല്‍ എക്‌സ് 130 ടണ്‍ ഭാരമുള്ള വിമാനവും വഹിച്ച് 300 മീറ്ററോളം ദൂരമാണ് പിന്നിട്ടത്. ഫോക്‌സ്‌വാഗണ്‍, നിസാന്‍, പോര്‍ഷെ, ടാറ്റ തുടങ്ങിയ കമ്പനികള്‍ നേരത്തെ ഇത്തരത്തില്‍ വിമാനം കെട്ടിവലിച്ചിട്ടുണ്ടെങ്കിലും ഒരു ഇലക്ട്രിക് കാറില്‍ ഈ സാഹസം വിജയകരമായി പൂര്‍ത്തിയാക്കുന്നത് ഇതാദ്യമാണ്. 100 kWh ബാറ്ററിയും ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുമാണ് മോഡല്‍ എക്‌സിന്റെ ഹൃദയം. ഈ രണ്ടു മോട്ടോറുംകൂടി ചേര്‍ന്ന് പരമാവധി 1072 എന്‍എം ടോര്‍ക്കിന്റെ ഉയര്‍ന്ന പവറാണ് വാഹനത്തിന് നല്‍കുന്നത്‌. 

Tesla Model X

Content Highlights; Tesla Model X tows a Boeing 787, sets new Guinness record