ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് മോഡലായ സൈബര്‍ ട്രക്കിന് ആവശ്യക്കാര്‍ ക്രമാതീധമായി വര്‍ധിക്കുന്നു. ബുക്കിങ് ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം സൈബര്‍ ട്രക്കിനുള്ള ബുക്കിങ് രണ്ടര ലക്ഷം യൂണിറ്റ് പിന്നിട്ടതായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ വ്യക്തമാക്കി. 

ആകെ ബുക്ക് ചെയ്ത രണ്ടര ലക്ഷത്തില്‍ ഒന്നര ലക്ഷത്തിനടുത്ത് ബുക്കിങ് വാഹനം അവതരിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് ലഭിച്ചത്. 17 ശതമാനം ബുക്കിങ്ങും സിംഗിള്‍ മോട്ടോര്‍ വേരിയന്റിനാണെന്നും 42 ശതമാനം പേര്‍ ഡ്യുവല്‍ മോട്ടോറും 41 ശതമാനം ഉപഭോക്താക്കള്‍ ട്രിപ്പിള്‍ മോട്ടോര്‍ വേരിയന്റുമാണ് ബുക്ക് ചെയ്തതെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇതുവരെ പണം മുടക്കി ഒരു പരസ്യം പോലും സൈബര്‍ ട്രക്കിന് നല്‍കിയിട്ടില്ലെന്ന് നേരത്തെ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. 

39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് (28.63-50.16 ലക്ഷം രൂപ) സൈബര്‍ ട്രക്കിന്റെ വില. ഒറ്റചാര്‍ജില്‍ 500 മൈല്‍ (804 കിലോമീറ്റര്‍) ദൂരം സഞ്ചരിക്കാന്‍ സൈബര്‍ട്രക്കിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനും പിക്കപ്പ് ട്രക്കിന് സാധിക്കും. പതിവ് പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്ല ട്രക്കിന്റെ ഹൈലൈറ്റ്. ഭാവി കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. പിന്നിലെ വലിയ ലഗേജ് സ്പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. എല്ലാതരത്തിലും സുരക്ഷ സുശക്തമാണെന്നും കമ്പനി ഉറപ്പുപറയുന്നു. 

500 മൈല്‍ റേഞ്ചിന് പുറമേ 250 മൈല്‍, 300 മൈല്‍ റേഞ്ചുള്ള രണ്ട് പതിപ്പുകള്‍കൂടി സൈബര്‍ട്രക്കിനുണ്ട്. ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്. 300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയാണ് ഇതിനുള്ളത്. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

Content Highlights; tesla cybertruck booking cross 250000 units