കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ 'ടെസ്‌ല' ഇന്ത്യന്‍ വിപണിയിലേക്ക് 2020-ഓടെയെത്തും. അമേരിക്കയില്‍ നടന്ന 'സ്പെയ്സ് എക്‌സ് ഹൈപ്പര്‍ലൂപ്പ് പോഡ്' മത്സരത്തില്‍ പങ്കെടുത്ത ഐ.ഐ.ടി. മദ്രാസ് ടീമിന്റെ പ്രതിനിധികളുടെ ചോദ്യത്തിനു മറുപടിയായി ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക് അറിയിച്ചതാണ് ഇക്കാര്യം. 'ടെസ്‌ല എന്നാണ് ഇന്ത്യയിലെത്തുക' എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലെത്തുന്നതു സംബന്ധിച്ച് ടെസ്‌ല പരിശോധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അനുകൂല അന്തരീക്ഷം ഒരുങ്ങാത്തതിനാല്‍ ഇലോണ്‍ മസ്‌ക് തന്നെ പല തവണ നീക്കം ഉപേക്ഷിച്ചു. എന്നാല്‍, ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇന്ത്യയിലെത്തുമെന്ന് 2019 മാര്‍ച്ചില്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. തങ്ങളുടെ ഇന്ത്യന്‍ ലക്ഷ്യങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങളെ അദ്ദേഹം നേരത്തെ വിമര്‍ശിച്ചിരുന്നു. വിദേശ നിക്ഷേപ നയങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട്. തങ്ങള്‍ ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, വെല്ലുവിളി നിറഞ്ഞ സര്‍ക്കാര്‍ നയങ്ങളാണ് ദൗര്‍ഭാഗ്യകരം എന്നായിരുന്നു അദ്ദേഹം നേരത്തെ ട്വിറ്ററില്‍ കുറിച്ചത്.

ടെസ്‌ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് അഹൂജ ഇന്ത്യക്കാരനാണ്. എന്നാല്‍, അദ്ദേഹം വിരമിക്കുമെന്ന് ഈയിടെ പ്രഖ്യാപിച്ചത് ടെസ്ലയുടെ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് കരുതിയിരുന്നു. ഇതിനിടെയാണ് 2020-ഓടെ ഇന്ത്യയിലെത്തുമെന്ന ഇലോണ്‍ മസ്‌കിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം.

35,000 ഡോളര്‍ വിലയുള്ള മോഡല്‍ 3 കാറുമായിട്ടായിരിക്കും ടെസ്‌ല ഇന്ത്യയിലെത്തുകയെന്നാണ് സൂചന. ഇന്ത്യയിലെത്തുമ്പോള്‍ ഇതിന് 25 ലക്ഷം രൂപയ്ക്കു മുകളിലാകുമെന്നാണ് കരുതുന്നത്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലുള്ള ടെസ്‌ലയുടെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. അവിടെ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തുകയും കമ്പനിയുടെ ഇലക്ട്രിക് കാര്‍ പ്ലാന്റ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Content Highlights; Tesla coming to india by next year, tesla electric cars india launch date, tesla coming soon, tesla model 3, tesla cars