ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ കാറില്‍ ഇരുന്ന് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം. ട്വിറ്ററിലൂടെ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാഷ്‌ബോര്‍ഡിലെ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം വഴിയാണ് ഈ സൗകര്യം ലഭ്യമാവുക. കാര്‍ സഞ്ചരിക്കാതെ ഇരിക്കുമ്പോള്‍ മാത്രമേ ഇവ രണ്ടും ഉപയോഗപ്പെടുത്താന്‍ സാധിക്കു. ഡ്രൈവിങ്ങിനിടയില്‍ കാണാന്‍ സാധിക്കില്ല. 

അതേസമയം ഓട്ടോണമസ് ഡ്രൈവിങ്ങിന് പൂര്‍ണ അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചാല്‍ സ്വയം നിയന്ത്രിതമായി കാര്‍ ഓടുമ്പോഴും യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും യാത്രക്കാര്‍ക്ക് കണ്ടിരിക്കാം. വീഡിയോ സ്ട്രീമിങ്ങിന് ഇണങ്ങുന്ന ടച്ച് സ്‌ക്രീന്‍ സിസ്റ്റമുള്ള  മോഡല്‍ 3, മോഡല്‍ വൈ എന്നീ മോഡലുകളില്‍ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് സൗകര്യം ടെസ്‌ല ഉള്‍പ്പെടുത്തുമെന്നാണ് സൂചന. 

അധികം വൈകാതെ ടെസ്‌ല കാറുകള്‍ ഇന്ത്യയിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ ടെസ്‌ല മോഡല്‍ 3 ആയിരിക്കും ടെസ്‌ലയില്‍ നിന്ന് ആദ്യം ഇന്ത്യന്‍ വിപണിയിലെത്തുക.

Content Highlights; Tesla cars to get youtube and netflix streaming, Tesla video streaming, Tesla cars, Tesla touch screen system, Elon musk