സൂപ്പര്‍ ബൈക്കിന്റെ പരമാവധി വേഗം ആസ്വദിച്ച് നിരത്തില്‍ പാഞ്ഞ തെലുങ്ക് നടന്‍ സായ് ധരം തേജിനെ കാത്തിരുന്നത് വലിയ അപകടമായിരുന്നു. അമിതവേഗത്തില്‍ പാഞ്ഞ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സായ് ധരം തേജ് അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൂപ്പര്‍ ബൈക്കിന് വലിയ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദിലെ മധപുര്‍ കേബില്‍ പാലത്തിലാണ് നടന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ബൈക്ക് റോഡിലുണ്ടായിരുന്ന ചരലില്‍ കയറിയതാണ് അപകട കാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അപകടത്തില്‍ അദ്ദേഹത്തിന് ബോധക്ഷയം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.  അപകടനില തരണം ചെയ്‌തെന്നും സൂചനയുണ്ട്.

മദ്യലഹരിയിലുണ്ടായ അപകടമല്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ചതിനാലാണ് കാര്യമായ അപകടമില്ലാതെ സായ് ധരം തേജ് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് നടനെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനുണ്ടാകുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എന്ന ബൈക്കിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 765 സി.സി. ലിക്വിഡ് കൂള്‍ഡ് മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഈ സൂപ്പര്‍ ബൈക്കിന് കരുത്തേകുന്നത്. ഇത് 118 പി.എസ്. പവറും 79 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് റൈഡിങ്ങ് മോഡുകളുള്ള ഈ വാഹനത്തില്‍ ട്രെയംഫ് ഷിഫ്റ്റ് അസിസ്റ്റുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Telugu Actor Sai Dharam Tej Bike Accident, Superbike Triumph Street RRR