വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി 'സമര്‍ഥ്' എന്ന ക്ഷേമ പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്. രാജ്യത്ത് ആദ്യമായാണ് വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്കായി ഇത്തരത്തില്‍ ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്.

സമര്‍ഥിന്റെ ഭാഗമായി 'സ്വാസ്ഥ്യ' എന്നപേരില്‍ ആരോഗ്യ പദ്ധതി, സമ്പത്തി എന്നപേരില്‍ നിക്ഷേപ പദ്ധതി, ശിക്ഷയെന്ന വിദ്യാഭ്യാസ പദ്ധതി, സുരക്ഷിത് എന്നപേരില്‍ ഡ്രൈവര്‍ ഓണ്‍ വീല്‍ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയും ഒരുക്കുന്നുണ്ട്.

എല്ലാ വര്‍ഷവും ഒരുലക്ഷം ഡ്രൈവര്‍മാര്‍ക്ക് ഈ സേവനം നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ടാറ്റ എഐജി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ടാറ്റ മ്യൂച്ചല്‍ ഫണ്ട്, ടോപ്പര്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

സ്വാസ്ഥ്യ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പ്രതിവര്‍ഷം ആറ് ഹെല്‍ത്ത് പ്രൊഫൈലുകളും 57 ടെസ്റ്റുകളുമടങ്ങിയ സമഗ്രമായ ഹെല്‍ത്ത് ചെക്കപ്പ്, 50,000 രൂപയുടെ ഹോസ്പിറ്റല്‍ കവറേജ് എന്നിവയാണ് ഒരുക്കുന്നത്.

സുരക്ഷിത് പദ്ധതിയിലെ അംഗങ്ങള്‍ക്ക് അപകട മരണമോ വൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സമ്പത്തി പദ്ധതിയിലൂടെ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സാക്ഷരത ക്യാമ്പുകള്‍ സംഘടിപ്പിക്കും. 

വിദ്യാര്‍ഥികള്‍ക്കായുള്ള ശിക്ഷ പദ്ധതിയില്‍ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ്, കൗണ്‍സിലിംഗ് എന്നിവ നല്‍കും. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ടാറ്റ മോട്ടോഴ്‌സിന്റെ സ്‌കോളര്‍ഷിപ്പും ഒരുക്കുന്നുണ്ട്.

Content Highlights: Tata Welfare Project Commercial Vehicle Drivers