രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് നെക്സോണ്‍ എസ്.യു.വിയുടെ ഇലക്ട്രിക് മോഡല്‍ 2019-2020 സാമ്പത്തിക വര്‍ഷം നാലാം പാദത്തോടെ പുറത്തിറക്കും. അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്ട്രോള് ടെക്നോളജിയുടെ കരുത്തിലാണ് നെക്സോണ്‍ EV നിരത്തിലെത്തുന്നത്. ഉപഭോക്താക്കളുടെ താത്പര്യം ക്ഷണിച്ച് വൈകാതെ വാഹനം പുറത്തിറക്കുമെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ റേഞ്ച് നെക്സോണില്‍ നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററിക്കും പെര്‍മെനന്റ് മാഗ്നെറ്റ് എസി ഇലക്ട്രിക് മോട്ടോറിനും എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഇലക്ട്രിക് മോട്ടോര്‍ നല്കുന്ന പവര്‍ സംബന്ധിച്ച വിവരങ്ങളൊന്നും ടാറ്റ പുറത്തുവിട്ടിട്ടില്ല. രൂപത്തില്‍ റഗുലര്‍ നെക്സോണിന് സമാനമായ ഡിസൈനിലാണ് ഇലക്ട്രിക് നെക്സോണും എത്തുക. ഇന്റീരിയറിലും അധികം മാറ്റങ്ങളുണ്ടാകില്ല.
15-17 ലക്ഷം വരെ വാഹനത്തിന് വില പ്രതീക്ഷിക്കാമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന സാഹചര്യത്തില്‍ നെക്സോണിന് പുറമേ ടാറ്റയുടെ വരാനിരിക്കുന്ന പുതിയ ഹാച്ച്ബാക്ക് മോഡല്‍ അല്‍ട്രോസിന്റെ ഇലക്ട്രിക് മോഡലും അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും. നിലവില്‍ ടിഗോര്‍ ഇലക്ട്രിക് ഫ്ളീറ്റ് അടിസ്ഥാനത്തില്‍ ടാറ്റ വിപണിയിലെത്തിച്ചിട്ടുണ്ട്.
Content Highlights; nexon electric coming soon, first vehicle with ziptron technology