ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് ടെക്‌നോളജി ബ്രാന്‍ഡ്‌ 'സിപ്‌ട്രോണ്‍' അവതരിപ്പിച്ചു. ടാറ്റയുടെ വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് കാറുകള്‍ സിപ്‌ട്രോണ്‍ കരുത്തിലാണ് നിരത്തിലെത്തുക. ടാറ്റയുടെ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിനും സമാനമായ നാമകരണമാണ് പുതിയ ഇലക്ട്രിക് ടെക്‌നോളജി ബ്രാന്‍ഡിലും കമ്പനി പിന്തുടര്‍ന്നത്. 

അടുത്ത വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുന്ന പുതിയ ഇലക്ട്രിക് മോഡലിലാണ് സിപ്‌ട്രോണ്‍ ടെക്‌നോളജി ടാറ്റ ആദ്യം ഉള്‍പ്പെടുത്തുക. അഡ്വാന്‍സ്ഡ് ലിഥിയം അയേണ്‍ സെല്ലുകളാണ് സിപ്‌ട്രോണിന് കരുത്തേകുക. ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണിത്. പെര്‍മെനന്റ് മാഗ്‌നെറ്റ് എസി മോട്ടോര്‍, IP67 സ്റ്റാന്റേര്‍ഡിലുള്ള ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് ബാറ്ററി സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നതാണ് സിപ്‌ട്രോണ്‍. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ഇതിലുണ്ടാകും. 

TATA MOTORS

ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ബാറ്ററിക്കുണ്ട്. ഫാസ്റ്റ് ചാര്‍ജര്‍ വഴി ഒരു മണിക്കൂറില്‍ ബാറ്ററി ചാര്‍ജ് ചെയ്യാം. ബാറ്ററിക്കും ഇലക്ട്രിക് മോട്ടോറിനും കൂടി എട്ട് വര്‍ഷത്തെ വാറണ്ടിയും ലഭിക്കും. 350 എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന് നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സിപ്‌ട്രോണ്‍ യാഥാര്‍ഥ്യമാക്കിയതെന്ന് ടാറ്റ വ്യക്തമാക്കി. വിവിധ ഭൂപ്രദേശങ്ങളിലൂടെ 10 ലക്ഷം കിലോമീറ്റര്‍ ഇതിന്റെ പരീക്ഷണം നടത്തിയതായും കമ്പനി അധികൃതര്‍ പറഞ്ഞു. അല്‍ട്രോസ് ഇവി മോഡലാണ് ടാറ്റയില്‍നിന്ന് അധികം വൈകാതെ ഇലക്ട്രിക് കരുത്തില്‍ വിപണിയിലേക്കെത്തുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ മോഡലുകളും ഇലക്ട്രിക്കിലേക്ക് ചുവടുമാറും.

Content Highlights; tata motors unveils ziptron electric vehicle technology, tata ziptron, tata ziptron electric powertrain