കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ അടുത്തിടെ പുറത്തിറങ്ങിയ നെക്‌സോണിന്റെ കുതിപ്പ് ടാറ്റയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇതിന് തൊട്ടുമുമ്പെത്തിയ ടിയാഗോ ഹാച്ച്ബാക്കിനും ടിഗോര്‍ കോംപാക്ട് സെഡാനും ഹെക്‌സയ്ക്കും സമാനമായ വിജയം പിടിച്ചെടുക്കാന്‍ സാധിച്ചു. ഈ ആത്മവിശ്വാസത്തില്‍ പുതിയ ഒരു ഹാച്ച്ബാക്ക് കൂടി വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. X451 എന്ന കോഡ് നാമത്തിലുള്ള ഹാച്ച്ബാക്കിന്റെ ടെസ്റ്റ് ഡ്രൈവ് ചിത്രങ്ങള്‍ ഇതിനോടകം ചില ഓട്ടോവെബ്‌സൈറ്റുകാരുടെ കണ്ണുകളില്‍ പതിഞ്ഞുകഴിഞ്ഞു. 

Tata New Hatchback
X451 ഹാച്ച്ബാക്ക് പരീക്ഷണ ഓട്ടത്തിനിടെ. Courtesy; MotorBeam

കമ്പനിയുടെ പുതിയ AMP (അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോം) അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ആദ്യ വാഹനമാണിത്. ഭാവിയില്‍ ടാറ്റയുടെ എല്ലാ ചെറു കാറുകളും ഇതേ പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങുക. ടാറ്റ നിരയില്‍ ടിയാഗോയ്ക്ക് തൊട്ടുമുകളിലായിരിക്കും പുതിയ അതിഥിയ്ക്കുള്ള സ്ഥാനം. 2019- തുടക്കത്തോടെ ഈ ഹാച്ച്ബാക്ക് നിരത്തിലെത്താനാണ് സാധ്യത. വിപണിയില്‍ മുന്‍നിരയിലുള്ള മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20 എന്നിവയാണ് ഇതിനുള്ള എതിരാളികള്‍. 

സ്‌പൈ ചിത്രങ്ങള്‍ പ്രകാരം നിലവിലുള്ള ടിയാഗോയുമായി ചെറിയ രൂപസാദൃശ്യം വാഹനത്തിനുണ്ട്. എന്നാല്‍ നീളം അല്‍പം കൂടുതലുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിയാഗോയെക്കാള്‍ 200 എംഎം നീളം പുതിയ ഹാച്ച്ബാക്കിന് കൂടുതലുണ്ട്. സബ്-ഫോര്‍ മീറ്റര്‍ കാറ്റഗറിയില്‍ മാറ്റമുണ്ടാകില്ല. ഹാച്ച്ബാക്കിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ കൂടുതല്‍ കാത്തിരിക്കണം. ടിയാഗോയ്ക്ക് കരുത്തേകുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍, 1.05 ലിറ്റര്‍ റിവോട്രോണ്‍ എന്‍ജിന്‍ അതേപടി കടമെടുക്കാനും ചെറിയ സാധ്യതയുണ്ട്.