ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച ട്രക്കുകൾ | Photo: Tata Motors
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് റെഡി മിക്സ് കോണ്‍ക്രീറ്റ് വാഹനങ്ങളുടെ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ടാറ്റ പ്രൈമ 3530K 10M3 RMC, പ്രൈമ 2830K 9M3 RMC, സിഗ്ന 2825K 8M3 എന്നിവയാണ് ടാറ്റ പുറത്തിറക്കിയ റെഡി മിക്സ് ട്രക്കുകള്‍. കൂടുതല്‍ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിനും മെയിന്റനന്‍സ് ചെലവ് കുറയ്ക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യയായ റെപ്റ്റോ സംവിധാനത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.
റെപ്റ്റോ പ്ലാറ്റ്ഫോം, ആര്.എം.സി. ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ എന്‍ജിനില്‍ നിന്ന് നേരിട്ട് കോണ്‍ക്രീറ്റ് മിക്സിങ്ങിനുള്ള പവര്‍ എടുക്കാന്‍ ഈ വാഹനത്തിന് കഴിയും. ഇത് വാഹനത്തിന് ഉയര്‍ന്ന പ്രവര്ത്തക്ഷമക നല്‍കുമെന്നാണ് ടാറ്റ ഉറപ്പുനല്‍കുന്നത്. ഫ്ളൈവീല്‍ ഹൗസിങ്ങിനുള്ളില് നല്‍കിയിട്ടുള്ള എന്ജിന് പി.ടി.ഒ, ആര്.എം.സി. എന്നിവയിലേക്ക് 500 എന്‍.എം. വരെ തുടര്‍ച്ചയായി ടോര്‍ക്ക് നല്‍കും. ഈ ശ്രേണിയിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് 11 ശതമാനം പ്രവര്‍ത്തന ചെലവ് കുറവാണ് ഈ മോഡലില്‍.
ഇന്ത്യയിലെ മുന്‍നിര ട്രാന്‍സ്മിറ്റ് മിക്സര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ഡ്രമ്മുകളോട് കൂടിയ ബോഡിയാണ് ഈ മൂന്ന് മോഡലുകളിലും ഒരുക്കിയിട്ടുള്ളത്. ആറ് വര്‍ഷം അല്ലെങ്കില്‍ 6000 മണിക്കൂര്‍ വരെയാണ് ഈ വാഹനത്തിന് ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കുന്ന വാറണ്ടി. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിര്‍മാണ വിപണിയായ ഇന്ത്യയില്‍ കരുത്തരായ ഈ വാഹനങ്ങള്‍ എത്തിച്ചത് നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ വലിയ കുതിപ്പിന് വഴിയൊരുക്കുമെന്ന് ടാറ്റ എം ആന്‍ഡ് എച്ച് സി.വി. പ്രൊഡക്റ്റ് ലൈന്‍ വൈസ് പ്രസിഡന്റ് വി സീതാപതി പറഞ്ഞു.
225KW, 186KW പവറുകള്‍ ഉത്പാദിപ്പിക്കുന്ന കമ്മിന്‍സിന്റെ ഐ.എസ്.ബി.ഇ. 6.7 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ട്രക്കിലെ ചരക്കിന്റെ ഭാരം, വേഗത, റോഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ മികച്ച പവര്‍-ടോര്‍ക്ക് കോമ്പിനേഷന്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവറെ സഹായിക്കുന്ന ത്രീ മോഡ് ഫ്യുവല്‍ ഇക്കണോമി സ്വിച്ചും ഈ ട്രക്കുകളുടെ ഹൈലൈറ്റാണ്. ട്രക്കിന്റെ ഹബ്ബ് യൂണിറ്റില്‍ ഗ്രീസ് ഉപയോഗിക്കേണ്ടതില്ലെന്നതും ഈ വാഹനത്തിന്റെ മെയിന്റനന്‍സ് ചെലവ് കുറയ്ക്കുന്ന ഒന്നാണ്.
ബ്രേക്ക് ലൈഫ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഐ.സി.ജി.ടി. ബ്രേക്ക് സിസ്റ്റവും ഈ ട്രക്കുകളില്‍ നല്‍കുന്നുണ്ട്. ഭാരമുള്ള ഡ്രമ്മുകള്‍ ഉള്‍ക്കൊള്ളാവുന്ന കരുത്തുറ്റ ഷാസി ഫ്രെയിമുകളാണ് ടാറ്റ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫീച്ചര്‍ സംബന്ധമായ മെച്ചപ്പെടുത്തലുകളും വരുത്തിയാണ് ഈ ട്രക്കുകള്‍ എത്തിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ നൂതന സാങ്കേതികവിദ്യയായ ഫ്ളീറ്റ് എഡ്ജിന്റെ സ്റ്റേന്റേഡ് ഫിറ്റ്മെന്റുകള്‍ എല്ലാം ഈ ട്രക്കുകളിലും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Tata Motors Launches three new ready mix concrete trucks in India, Tata Motors, Tata Truck
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..