ടാറ്റ മോട്ടോഴ്‌സ് സ്വന്തമായി നിര്‍മിച്ച 25 ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യൺ ഡവലപ്‌മെന്റ് അതോറിറ്റിക്ക് (എംഎംആര്‍ഡിഎ) കൈമാറി. ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗിച്ചിരിക്കുന്ന വാഹനത്തില്‍ ഡീസലും ഉപയോഗിക്കാനാകും. 

പ്രീമിയം സൗകര്യങ്ങളില്‍ ഗ്ലോബര്‍ സ്റ്റാന്റേഡിനനുസരിച്ചുള്ളതാണ് ടാറ്റ സ്റ്റാര്‍ബസ് ശ്രേണിയില്‍പ്പെട്ട ഈ ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍. കമ്പനിയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ ഉദാഹരണമാണ് ബിഎസ് 4 ശ്രേണിയിലെ ആദ്യ ഹൈബ്രിഡ് ഇലക്ട്രിക് ബസുകളെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. 

ബസില്‍ 32 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. നഗരങ്ങളിലെ ഗതാഗതം സുഗമമാക്കാന്‍ മലിനീകരണത്തോത് കുറഞ്ഞ  ഇലക്ട്രിക് ബസുകള്‍ കൂടുതലായി പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രയാണത്തില്‍ സര്‍ക്കാരും മറ്റ് റെഗുലേറ്ററി അതോറിറ്റികളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും വാഗ് കൂട്ടിച്ചേര്‍ത്തു. 

Content Highlights; Tata Motors delivers 25 hybrid electric buses to MMRDA