മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ജെറ്റ് എയര്‍വേയ്സ് ഏറ്റെടുക്കാന്‍ ടാറ്റാ സണ്‍സ് ശ്രമം ഊര്‍ജിതമാക്കി. ടാറ്റയ്ക്കുവേണ്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സൗരഭ് അഗര്‍വാളും ജെറ്റ് എയര്‍വേയ്സിനു വേണ്ടി ചെയര്‍മാന്‍ നരേഷ് ഗോയലുമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നതെന്നാണ് അറിയുന്നത്. 

ഈ സാമ്പത്തികവര്‍ഷം തുടര്‍ച്ചയായി മൂന്നാം പാദത്തിലും നഷ്ടത്തിലേക്കു നീങ്ങുന്ന ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും ലാഭകരമായ മേഖലകളില്‍ മാത്രം സര്‍വീസ് നടത്തിയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ജെറ്റ് ഓഹരി വില്‍ക്കാന്‍ ശ്രമിച്ചതും ടാറ്റയുമായി ചര്‍ച്ച നടത്തിയതും. എന്നാല്‍ ഓഹരി വാങ്ങുകയാണെങ്കില്‍ ജെറ്റ് എയര്‍വേയ്സിന്റെ നിയന്ത്രണം തങ്ങള്‍ക്കു ലഭിക്കണമെന്ന നിലപാടാണ് ടാറ്റ സ്വീകരിച്ചത്. 

നരേഷ് ഗോയല്‍ തലപ്പത്തുനിന്ന് മാറണമെന്ന ആവശ്യവുമുന്നയിച്ചു. ഇതിന് നരേഷ് ഗോയല്‍ വഴങ്ങിയതോടെയാണ് ചര്‍ച്ച പുരോഗമിച്ചത്. നിലവില്‍ ജെറ്റിന്റെ 51 ശതമാനം ഓഹരി നരേഷ് ഗോയലിന്റെ കൈയിലാണ്. എയര്‍ ഏഷ്യയും വിസ്താരയും വഴി ഇപ്പോള്‍ത്തന്നെ വ്യോമയാനരംഗത്ത് ടാറ്റയുടെ സാന്നിധ്യമുണ്ട്. 
     
ജെറ്റിന്റെ നിയന്ത്രണംകൂടി ലഭിച്ചാല്‍ ഇന്ത്യയുടെ വ്യോമയാന വിപണിയില്‍ ടാറ്റയുടെ വിഹിതം 24 ശതമാനമായി ഉയരും. 43.2 ശതമാനവുമായി ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്ത്. സെപ്റ്റംബര്‍ 30-ന് അവസാനിച്ച മൂന്നുമാസക്കാലത്ത് 1,297.46 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്സിന്റെ നഷ്ടം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 49.63 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്. ഇന്ധനവില വര്‍ധനയും രൂപയുടെ മൂല്യശോഷണവും കാരണം നടത്തിപ്പുചെലവു കൂടിയതാണ് നഷ്ടം കൂടാനുള്ള പ്രധാന കാരണം. 

Content Highlights; Tata Group begins due diligence to buy Jet Airways