ഹിമാചല്‍ പ്രദേശിന് പിന്നാലെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസുകള്‍ പരീക്ഷിക്കാന്‍ അസം സര്‍ക്കാര്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അസം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടു. 26 മുതല്‍ 34 യാത്രക്കാര്‍ക്ക് വരെ ഒരെ സമയം സഞ്ചരിക്കാനുതകുന്ന 9 മീറ്റര്‍ നീളമുള്ള ഇലക്ട്രിക് ബസ് ഗുവാഹട്ടിയില്‍ ഓട്ടം തുടങ്ങി കഴിഞ്ഞു. 

ഏഴ് ദിവസം പരീക്ഷണ ഓട്ടം തുടരും. നേരത്തെ ഷിംലയിലും ഛണ്ഡീഗഢിലും ഇതേ രീതിയില്‍ ടാറ്റ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു. ഛണ്ഡീഗഢില്‍ 70 ശതമാനം ബാറ്ററി ചാര്‍ജ് ഉപയോഗിച്ച് 143 കിലോമീറ്റര്‍ ദൂരവും ഷിംലയില്‍ ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ ഇലക്ട്രിക് ബസിന് സാധിച്ചിരുന്നു. നിലവില്‍ ഹിമാചല്‍ പ്രദേശില്‍ കുളു-മണാലി മുതല്‍ റോതങ് വരെ ഗോള്‍ഡ്‌സ്‌റ്റോണ്‍ BYD eBuzz K7 ഇലക്ട്രിക് ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതില്‍ ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.