റേഞ്ച് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പ്ലാറ്റ്‌ഫോമില്‍ ടാറ്റാ മോട്ടോഴ്‌സ് പുതിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. ക്യൂ 501 എന്നേപരില്‍ ടാറ്റ വിശേഷിപ്പിക്കുന്ന വാഹനം 2018 ല്‍ ഷോറൂമുകളിലെത്തും. റേഞ്ച് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിനോട് സാദൃശ്യം ഏറെയുള്ള വാഹനമാണ് ടാറ്റ വികസിപ്പിക്കുന്നത്.ടാറ്റാ മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഹെക്‌സ ക്രോസ് ഓവറിന് മുകളിലാവും വിപണിയിലെ സ്ഥാനം. ഈ വാഹനത്തിന്റെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും ഒരുവര്‍ഷത്തിന് മുമ്പുതന്നെ ടാറ്റാ തുടങ്ങിക്കഴിഞ്ഞിരുന്നു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള വാഹന ബ്രാണ്ടാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഡിസ്‌കവറി സ്‌പോര്‍ട്ടിനോട് സാദൃശ്യമുണ്ടെങ്കിലും ടാറ്റാ വാഹനത്തിന്റെ തനത് രൂപഭംഗി നിലനിര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. 170 ബി.എച്ച്.പി കരുത്ത് പകരുന്ന രണ്ടുലിറ്റര്‍ ഡീസല്‍ എന്‍ജിനാവും വാഹനത്തിലുണ്ടാവുക. മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങള്‍ വിപണിയിലെത്തും. എക്‌സ്.യു.വി 500, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാവും ലാന്‍ഡ് റോവര്‍ രൂപഭംഗിയുടെ ടാറ്റാ എസ്.യു.വി വരുന്നത്.

Rangerover Discovery Sport