റെനാള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഇതിന് മുന്നോടിയായി അല്‍ട്രോസിന്റെ പുതിയ ടീസര്‍ വീഡിയോ ടാറ്റ പുറത്തുവിട്ടു. 2020 തുടക്കത്തില്‍തന്നെ അല്‍ട്രോസ് പുറത്തിറക്കുമെന്നാണ് സൂചന.

45X എന്ന കോഡ് നാമത്തില്‍ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരുന്നു അല്‍ട്രോസിന്റെ കണ്‍സെപ്റ്റ് മോഡല്‍ ടാറ്റ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കണ്‍സെപ്റ്റില്‍നിന്ന് വലിയ മാറ്റമില്ലാതെ കഴിഞ്ഞ ജനീവ ഓട്ടോ ഷോയില്‍ ഇതിന്റെ പ്രൊഡക്ഷന്‍ മോഡലും ടാറ്റ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനോടകം നിരവധി തവണ അല്‍ട്രോസിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഓട്ടോ വെബ്‌സൈറ്റുകാരുടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ട്. 

സ്റ്റൈലിഷ് രൂപഘടനയ്ക്ക് പ്രാധാന്യം നല്‍കി വരുന്ന വാഹനമാണ് അല്‍ട്രോസ്. ഇംപാക്ട്സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിനെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ച് വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഉള്‍വശത്തും സ്പോര്‍ട്ടി രൂപഘടനയ്ക്ക് ഒട്ടും കുറവില്ല. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റവും അകത്തുണ്ട്. 

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്‍ജിന്‍. ബിഎസ് 6ലേക്ക് മാറാനുള്ള കാലതാമസമാണ് അല്‍ട്രോസിന്റെ ലോഞ്ച് വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും അല്‍ട്രോസ് എത്തിയേക്കും. മാരുതി ബലേനോ, ഹ്യുണ്ടായ് ഐ 20, ഹോണ്ട ജാസ്, ഫോക്‌സ്വാഗണ്‍ പോളോ എന്നിവയാണ് അല്‍ട്രോസിനെ കാത്തിരിക്കുന്ന എതിരാളികള്‍. റഗുലര്‍ അല്‍ട്രോസിന്റെ ലോഞ്ചിന് ശേഷം ഇതിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിക്കും.

Tata Altroz

Content Highlights; tata altroz new teaser video reavealed, tata altroz coming soon