ചെന്നൈ: കോവിഡിനെത്തുടര്‍ന്ന് പ്രാണവായു കിട്ടാതെ മരിച്ച അമ്മയുടെ സ്മരണയ്ക്കായി മകളുടെ വക ഓക്‌സിജന്‍ വാഹനം. കൊടുങ്കയ്യൂര്‍ സ്വദേശിയായ സീതാദേവിയാണ് അമ്മ ആര്‍. വിജയയുടെ ഓര്‍മയ്ക്കായി കാരുണ്യപ്രവര്‍ത്തനം നടത്തുന്നത്. ഏതാനും ആഴ്ചകള്‍ മുമ്പാണ് രാജീവ്ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍വെച്ച് വിജയ മരിച്ചത്. 

അമ്മയുടെ മരണത്തോടെ സീതാദേവി ഒരു തീരുമാനമെടുത്തു. തന്റെ അമ്മയെപ്പോലെ പ്രാണവായു കിട്ടാതെ മരിക്കുന്ന ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സൗകര്യമൊരുക്കുക. ഓക്‌സിജന്‍ ഓട്ടോയുടെ പിറവി ഇവിടെ നിന്നാണ്. അമ്മമരിച്ച ആശുപത്രിക്കുമുന്നില്‍ ഓട്ടോ ദിവസവും ഓക്‌സിജനുമായി എത്തും. 

''കൃത്യസമയത്ത് ഓക്‌സിജന്‍ ലഭിച്ചിരുന്നെങ്കില്‍ വൃക്കരോഗിയായ എന്റെ അമ്മ മരിക്കുമായിരുന്നില്ല. ഓക്‌സിജന്‍ കിട്ടാതെ ദിവസവും ഒട്ടേറെപേര്‍ മരിക്കുന്നുണ്ട്. മുഴുവന്‍ കുറ്റവും ആശുപത്രിക്കാരുടെ തലയില്‍ കെട്ടിവെയ്ക്കാനാവില്ല. ആവശ്യത്തിന് ഓക്‌സിജന്‍ കൈവശമുണ്ടെങ്കിലല്ലേ രോഗികള്‍ക്ക് നല്‍കാന്‍ പറ്റൂ''- സീതാദേവി പറയുന്നു.

നോര്‍ത്ത് ചെന്നൈയിലെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള സീതാദേവി സ്ട്രീറ്റ് വിഷന്‍ സോഷ്യല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ എന്‍.ജി.ഒ. നടത്തുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും എച്ച.്‌ഐ.വി. ബാധിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം നല്‍കുന്ന സംരംഭമാണിത്. ഇതിനായി വാങ്ങിയ ഓട്ടോറിക്ഷയില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ഘടിപ്പിച്ചാണ് ഈ മാസം ആറിന് സീതാദേവി സേവനയാത്ര തുടങ്ങിയത്. 

ആര്‍ക്കെങ്കിലും പെട്ടെന്ന് ഓക്‌സിജന്‍ ആവശ്യമുണ്ടെങ്കില്‍ സീതാദേവിയും സന്നദ്ധപ്രവര്‍ത്തകരും എത്തും. പി.പി.ഇ. കിറ്റുകള്‍ ധരിച്ച് വാഹനത്തിനുള്ളില്‍ വെച്ചുതന്നെ ഓക്‌സിജന്‍ നല്‍കും. ഇതുവരെയായി 300-ലധികം പേര്‍ക്ക് ഓക്സിജന്‍ നല്‍കിയിട്ടുണ്ടെന്ന് സീതാദേവി പറഞ്ഞു. സൗജന്യമായാണ് സേവനം. 

ഇതിനുപുറമെ രാജീവ്ഗാന്ധി ജനറല്‍ ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്കും കോവിഡ് കെയര്‍ സെന്ററുകളിലേക്കും ഇവര്‍ എത്തിക്കുന്നുമുണ്ട്. ഓക്‌സിജന്‍ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനതയും മറ്റ് സൗകര്യക്കുറവുകളും തടസ്സമാകുന്നുണ്ടെന്നും സീതാദേവി പറയുന്നു.

Content Highlights: Tamilnadu Young Women Runs Oxygen Auto In Memory Of Her Mother