മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

2006-ല്‍ ആണ് ജയലളിത ഹെലികോപ്ടര്‍ വാങ്ങിയത്. ഇരട്ട എന്‍ജിനുള്ള ഇതില്‍ 11 പേര്‍ക്ക് യാത്രചെയ്യാം. ഇപ്പോളിത് ചെന്നൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. 

ഇത് വില്‍ക്കാന്‍ വേണ്ടി സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഹെലികോപ്ടര്‍ പരിപാലിച്ചിരുന്നത്. എന്നാല്‍ വില്‍ക്കാനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നാണ് അനൗദ്യോഗിക വിവരം. 

ജയലളിതയുടെ മരണശേഷം ഹെലികോപ്ടര്‍ അധികമൊന്നും ഉപയോഗിച്ചിട്ടില്ല. ജയലളിത ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ ജയലളിത സര്‍ക്കാര്‍ വക ഹെലികോപ്ടര്‍ ഉപയോഗിച്ചതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. 

Content Highlights; Tamilnadu Government to sell Jayalalithas chopper