കോടികള്‍ വിലമതിക്കുന്ന കരുത്തുറ്റ പല സ്‌പോര്‍ട്‌സ് കാറുകളും ഇറ്റാലിയന്‍ പോലീസ് ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കെത്തിയ പുതിയ മോഡലാണ് സുസുക്കിയുടെ മിനി എസ്.യു.വി മോഡലായ ജിംനി. ഇറ്റലിയിലെ മിലിട്ടറി പോലീസ് ഫോഴ്‌സായ കരാബിനിറിയിലേക്കാണ് പുതിയ ജിംനി എത്തിയത്. നാലാം തലമുറയില്‍പ്പെട്ട ജിംനിയുടെ പത്ത് യൂണിറ്റുകളാണ് മിലിട്ടറി പോലീസിന്റെ ഭാഗമായത്. 

റഗുലര്‍, ഓഫ് റോഡ് പട്രോളിങ് ആവശ്യങ്ങള്‍ക്കാണ് ജിംനിയെ മിലിട്ടറി പോലീസ് ഉപയോഗപ്പെടുത്തുക. സേനയുടെ ആവശ്യാര്‍ഥം നിരവധി അഡീഷ്ണല്‍ മോഡിഫിക്കേഷനുകള്‍ ജിംനി പോലീസ് വകഭേദത്തിലുണ്ട്. മിലിട്ടറി പോലീസിന്റെ പരമ്പരാഗത ക്ലാസിക് ആര്‍മ ബ്ലൂ, വൈറ്റ് റൂഫ് നിറത്തിലാണ് ഈ ജിംനി. റൂഫിലെ രണ്ട് ബ്ലൂ എല്‍ഇഡി ഫ്‌ളാഷ് ലൈറ്റ്, സയറണ്‍, ഡാഷ്‌ബോര്‍ഡിലെ പ്രത്യേക വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം എന്നിവ പോലീസ് ജിംനിയെ വ്യത്യസ്തമാക്കും. അടിയന്തര ആവശ്യങ്ങളില്‍ ഉപയോഗിക്കാന്‍ ചെറിയ ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍, ഒരു സെറ്റ് സ്‌നോ ചെയ്ന്‍ എന്നിവയും ഇതിലുണ്ട്. 

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നാലാം തലമുറ ജിംനിക്ക് കരുത്തേകുന്നത്. 105 പിഎസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.  മുന്‍തലമുറയില്‍പ്പെട്ട മാരുതി സുസുക്കി ജിപ്‌സി വാഹനങ്ങള്‍ (രണ്ടാംതലമുറ ജിംനി) ഇന്ത്യന്‍ ആര്‍മിയും വര്‍ഷങ്ങളായി ഉപയോഗിച്ചുവന്നിരുന്നു. അതേസമയം നാലാം തലമുറ ജിംനി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ജിംനിയെ മാരുതി സുസുക്കി ഇങ്ങോട്ടെത്തിച്ചിട്ടില്ല.

courtesy; indian autos blog

Content Highlights; suzuki jimny mini suv joins italian army police fleet, jimny enters the carabinieri corps