പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
ഗതാഗതനിയമലംഘനങ്ങള്‍ക്ക് റദ്ദാക്കുന്ന ലൈസന്‍സ്, നിശ്ചിത കാലാവധിക്കുശേഷം തിരികെ കിട്ടണമെങ്കില്‍ ക്ലാസില്‍ പങ്കെടുക്കണം. ഗതാഗതവകുപ്പിന്റെ ഉടമസ്ഥതയില്‍ മലപ്പുറം എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലെ (ഐ.ഡി.ടി.ആര്‍.) ക്ലാസില്‍ പങ്കെടുക്കണമെന്നാണ്, ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ എഴുതിക്കൊടുക്കുന്നത്.
പ്രതിമാസം സംസ്ഥാനത്ത് റദ്ദാക്കുന്നത് ശരാശരി 1300 ലൈസന്‍സാണ്. എന്നാല്‍, എടപ്പാളിലെ ഒരു ബാച്ചിലുള്ള സീറ്റിന്റെ എണ്ണം 45 മാത്രം. മാസത്തില്‍ രണ്ടോ മൂന്നോ ബാച്ചിനേ ഇവിടെ ക്ലാസ് നടത്താറുള്ളൂ. ആറുമാസം, മൂന്നുമാസം തുടങ്ങിയ കാലയളവുകളിലേക്കാണ് ലൈസന്‍സ് റദ്ദാക്കുന്നത്.
നിശ്ചിത കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സുകള്‍ വാഹന്‍-സാരഥി വെബ്സൈറ്റില്‍ തനിയെ സാധുവാകും. ഇങ്ങനെ സാധുവായാലും എടപ്പാളിലെ ക്ലാസില്‍ പങ്കെടുത്താലേ വണ്ടി ഓടിക്കാവൂ എന്നാണ് നിര്‍ദേശം. ഐ.ഡി.ടി.ആര്‍. സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലും സമീപജില്ലകളിലും ഉള്ളവര്‍മാത്രം ക്ലാസുകളില്‍ പങ്കെടുക്കുന്ന സ്ഥിതിയാണ്.
ഫോണ്‍ചെയ്ത് വിവരം തിരക്കുമ്പോള്‍ സീറ്റൊഴിവില്ലെന്ന മറുപടി കിട്ടുമെന്ന്, ലൈസന്‍സ് റദ്ദായ ഒരു ടിപ്പര്‍ഡ്രൈവര്‍ പറഞ്ഞു. മൂന്നുദിവസത്തെ കോഴ്സാണ് നടത്തുന്നത്. താമസവും ഭക്ഷണവുമടക്കം 3000 രൂപയാണ് ഫീസ്. മൂന്നുദിവസത്തെ ക്ലാസ് കഴിഞ്ഞാല്‍ 10 ദിവസം ഏതെങ്കിലും കേന്ദ്രത്തില്‍ സാന്ത്വനപരിചരണവും ചെയ്യണം.
ഇത്രയും പൂര്‍ത്തിയാക്കുമ്പോള്‍മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. മോട്ടോര്‍വാഹനനിയമത്തില്‍, ഇത്തരം ക്ലാസുകളില്‍ ലൈസന്‍സ് റദ്ദായവര്‍ പങ്കെടുക്കുന്നത് അഭികാമ്യമാണെന്നുമാത്രമേ പറയുന്നുള്ളൂ. എല്ലാ ജില്ലകളിലും ഐ.ഡി.ടി.ആറിന്റെ സെന്ററുകള്‍ തുടങ്ങണമെന്ന് മുമ്പ് ഗതാഗതകമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
Content Highlights: Suspension of driving licence during traffic rule violations, the class must be attended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..