ഏപ്രില്‍ ഒന്നിന് കാലാവധി അവസാനിക്കുന്ന ബി.എസ്.4 വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവുനല്‍കിയ മാര്‍ച്ച് 27-ലെ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. മാര്‍ച്ച് 31നുശേഷം വിറ്റ ബി.എസ്4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോവിഡ് അടച്ചിടലിനുശേഷം 10 ദിവസംകൂടി ബി.എസ്4 വാഹനങ്ങള്‍ വില്‍ക്കാന്‍ നല്‍കിയിരുന്ന അനുമതിയാണ് പിന്‍വലിച്ചത്. ഉത്തരവ് വാഹനഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തിയാണ് നടപടി.
2020 മാര്‍ച്ച് 31നുശേഷം പുതിയ മലിനീകരണ മാനദണ്ഡമായ ബി.എസ്.6 പാലിക്കുന്ന വാഹനങ്ങള്‍മാത്രമേ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും അനുമതിയുള്ളൂ. എന്നാല്‍, അടച്ചിടല്‍കാരണം 10 ദിവസത്തേക്കുകൂടി ഇളവുനല്‍കുകയായിരുന്നു.
അനുമതി നല്‍കിയത് 1.05 ലക്ഷം ബി.എസ്.4 വാഹനങ്ങള്‍ വില്‍ക്കാനായിരുന്നെങ്കിലും 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബി.എസ്4 പാലിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും ഏപ്രില്‍ ഒന്നുവരെയായിരുന്നു സമയപരിധി.
Content Highlights: Supreme Court Withdraws Order Of Sale And Registration Of BS4 Vehicles