Image Courtesy: CarblogIndia.com
രാജ്യവ്യാപക അടച്ചിടലിന് മുന്‍പ് വിറ്റ ബി.എസ്.4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. മാര്‍ച്ച് 31ന് മുന്‍പ് വിറ്റതും ഇ-വാഹന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തതുമായ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാണ് അനുമതി.
പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാത്ത 39,000 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല. മാര്‍ച്ച് 12 മുതല്‍ 31 വരെ 9,56,015 ബി.എസ്.4 വാഹനങ്ങള്‍ വിറ്റിരുന്നു. അതില്‍ 9,01,223 വാഹനങ്ങള്‍ അടച്ചിടല്‍ കാരണം രജിസ്റ്റര്‍ ചെയ്യാനായിരുന്നില്ല.
മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബി.എസ്.4 പാലിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും മാര്‍ച്ച് 31 വരേയാണ് അനുമതിയുണ്ടായിരുന്നത്. അതിനുശേഷം പുതിയ മാനദണ്ഡമായ ബി.എസ്.6 പാലിക്കുന്ന വാഹനങ്ങളേ രജിസ്റ്റര്‍ ചെയ്യാനാകൂ.
എന്നാല്‍ അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31നുശേഷം പത്ത് ദിവസം കൂടി ബി.എസ്.4 വില്‍ക്കാന്‍ മാര്‍ച്ച് 27ന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ആ ഉത്തരവ് ജൂലായ് എട്ടിന് പിന്‍വലിക്കുകയും ചെയ്തു.
സ്റ്റോക്കുള്ള ബി.എസ്.4 വാഹനങ്ങള്‍ നിര്‍മാണ കമ്പനികള്‍ക്ക് മടക്കിനല്‍കാന്‍ അനുവദിക്കണമെന്നും അവര്‍ക്ക് വേണമെങ്കില്‍ മറ്റു രാജ്യങ്ങളിലേക്ക് അവ കയറ്റിയയക്കാമെന്നും ഡീലര്‍മാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ബി.എസ്.4 വാഹനങ്ങളുടെ കാലാവധി അവസാനിക്കാന്‍ പോകുന്നത് നിര്‍മാതാക്കള്‍ക്ക് വ്യക്തമായും ബോധ്യമുള്ള കാര്യമായിരുന്നെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് നിരീക്ഷിച്ചു.
Content Highlights: Supreme Court Has Ruled That BS-4 Vehicles Sold Before The Lockdown Can Be Registered
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..